ഗായകൻ എം.ജി. ശ്രീകുമാറിന്റെ ഏറ്റുമാനൂരിലെ ഗാനമേള സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പഴക്കമുള്ള ഗാനങ്ങൾ കൊണ്ട് പുതിയ തലമുറയെപ്പോലും കയ്യിലെടുക്കുന്ന അദ്ദേഹത്തിന്റെ പ്രകടനത്തിന് പ്രശംസാ പ്രവാഹമാണ്.

ഗായകരിൽ എംജി ശ്രീകുമാറിനോളം മലയാളികളെ ആവേശം കൊള്ളിച്ചൊരു ​ഗായകൻ ഉണ്ടോന്ന കാര്യത്തിൽ സംശയമാണ്. മനുഷ്യന്റെ ഏത് മനോവികാരം ആണെങ്കിലും എംജിയുടെ പാട്ട് കേട്ടാൽ ഒരാശ്വാസം ലഭിക്കും. അദ്ദേഹത്തിന്റെ പാട്ട് കേൾക്കാത്തൊരു ദിവസം മലയാളികൾക്കുണ്ടോ എന്ന കാര്യത്തിലും സംശയമാണ്. വിവിധ മ്യൂസിക് ബാന്റുകൾ അരങ്ങ് വാഴുന്ന നിലവിലെ സാഹചര്യത്തിൽ ഏറ്റുമാനൂരിൽ എംജി ശ്രീകുമാർ നടത്തിയ ​ഗാനമേള ഏറെ വൈറലായി മാറിയിരുന്നു. ഭക്തി​ഗാനമേള എന്ന് നോട്ടീസ് അടിച്ചിട്ടും എംജിയുടെ പാട്ട് കേൾക്കാൻ എത്തിച്ചേർന്ന യുവാക്കളേയും ​ഗാനാസ്വാദകരെയും കണ്ട് കേരളക്കര ഒന്നാകെ അമ്പരന്നിരുന്നു.

സോഷ്യൽ മീഡിയയിൽ എങ്ങും എംജി ശ്രീകുമാറിന്റെ ഈ പെർഫോമൻസ് തന്നെയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ എംജി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഇതിൽ വരുന്ന പല കമന്റുകൾക്ക് അദ്ദേഹം മറുപടിയും നൽകാറുണ്ട്. ഇപ്പോഴിതാ ഏപ്രിൽ 16ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ തന്റെ ​ഗാനമേളയെ കുറിച്ച് പറഞ്ഞ പോസ്റ്റിന് വന്ന കമന്റും മറുപടിയും ശ്രദ്ധനേടുകയാണ്.

"ഇന്നലെ ഉണ്ടാക്കിയ പാട്ടുകൾ കൊണ്ടല്ല .പത്തും ഇരുപതും കൊല്ലം മുൻപ് ഉള്ള പാട്ട് വെച്ചാണ് അണ്ണൻ ഇപ്പോഴത്തെ ജെൻസി പിള്ളേരെ കൈയിലെടുക്കുന്നത്", എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് നിങ്ങളുടെ സപ്പോർട്ട് എന്നാണ് എംജി മറുപടി നൽകിയത്. "എം ജി അണ്ണാ നിങ്ങളുടെ പെർഫോമിംഗ് സൂപ്പർ സ്റ്റാറിനെ പോലെയാണ്", എന്ന കമന്റിന് രസകരമായ മറുപടി ആയിരുന്നു എംജി ശ്രീകുമാർ നൽകിയത്. "മേക്കപ്പ് ആണ് കുഞ്ഞേ. പക്ഷേ തട്ടേ കേറിയാൽ.. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ", എന്നായിരുന്നു മറുപടി. ഇത്തരത്തിൽ പല കമന്റുകൾക്കും എംജി ശ്രീകുമാർ മറുപടി നൽകുന്നുണ്ട്. പലരും ഏറ്റുമാനൂരിലെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming