'ഡോക്ടറി'ന്‍റെ വിജയത്തിനു ശേഷം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ചിത്രം

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ 'ഡോക്ടറി'നു ശേഷം ശിവകാര്‍ത്തികേയന്‍ (Sivakarthikeyan) നായകനാവുന്ന ചിത്രമാണ് ഡോണ്‍ (Don). ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന കോമഡി എന്‍റര്‍ടെയ്‍നര്‍ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സിബി ചക്രവര്‍ത്തിയാണ്. ആറ്റ്ലിയുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന ആളാണ് സിബി. മാര്‍ച്ച് 25ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ സിംഗിള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്നിരിക്കുന്ന ഒരു പ്രണയഗാനമാണ് ഇത്. വിഘ്നേഷ് ശിവന്‍റെ വരികള്‍ ആലപിച്ചിരിക്കുന്നത് ആദിത്യ ആര്‍ കെ ആണ്. പ്രിയങ്ക മോഹന്‍ നായികയാവുന്ന ചിത്രത്തില്‍ എസ് ജെ സൂര്യ, സമുദ്രക്കനി, സൂരി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കെ എം ഭാസ്‍കരനാണ്. എഡിറ്റിംഗ് നഗൂരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ കെ ഉദയ കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീര ശങ്കര്‍, ആക്ഷന്‍ കൊറിയോഗ്രഫി വിക്കി, നൃത്തസംവിധാനം ഷോബി, സാന്‍ഡി, ബൃന്ദ, പോപ്പി, ലൈക്ക പ്രൊഡക്ഷന്‍സ്, ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സുഭാസ്‍കരനും ശിവകാര്‍ത്തികേയനും ചേര്‍ന്നാണ് നിര്‍മ്മാണം.