അനില്‍ ജോണ്‍സണ്‍ ആയിരുന്നു ചിത്രത്തിന്‍റെ സംഗീത സംവിധാനം
ദൃശ്യം 3 ഹിന്ദി മലയാളി സിനിമാപ്രേമികള്‍ക്കിടയിലും വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. രണ്ടാം തീയതി തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോകള്‍ക്കിപ്പുറം വന്‍ മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും ഞെട്ടിക്കുന്ന കുതിപ്പാണ് ചിത്രം നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദി പതിപ്പ് ഇറങ്ങിയപ്പോള്‍ സ്വാഭാവികമായും മലയാളം പതിപ്പുമായി താരതമ്യവും പ്രേക്ഷകര്‍ നടത്തുന്നുണ്ട്. ഈ ചര്‍ച്ചകള്‍ക്കിടെ മലയാളം ദൃശ്യം 3 ന്‍റെ ടൈറ്റില്‍ ട്രാക്ക് വീഡിയോ പുറത്തെത്തിയിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. അനില്‍ ജോണ്‍സണ്‍ ആയിരുന്നു ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.
മറുഭാഷാ പ്രേക്ഷകര്‍ക്കും അറിയാവുന്ന ഫ്രാഞ്ചൈസിയിലെ പുതിയ പതിപ്പ് എന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെയാണ് തിയറ്ററുകളിലേക്ക് ദൃശ്യം 3 മലയാളം എത്തിയത്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം ബോക്സ് ഓഫീസ് പ്രകടനത്തെ അത് ബാധിച്ചുമില്ല. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആകെ നേടിയത് 237.70 കോടിയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ നാലാമത്തെ കളക്ഷന്‍. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 90.21 കോടി ആയിരുന്നു. കേരളത്തില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും വലിയ നാലാമത്തെ കളക്ഷന്‍. കര്‍ണാടകത്തില്‍ നിന്ന് 13.70 കോടിയും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 10.50 കോടിയും തമിഴ്നാട്ടില്‍ നിന്ന് 8.10 കോടിയും ഉത്തരേന്ത്യയില്‍ നിന്ന് 5.60 കോടിയുമാണ് ചിത്രം നേടിയത്. അങ്ങനെ കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആകെയുള്ള നേട്ടം 37.90 കോടി.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജൂണ്‍ 18 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ലഭിച്ചതുപോലെ ഒടിടിയില്‍ മറുഭാഷാ പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകരണം ഈ ചിത്രത്തിന് ലഭിച്ചില്ല. ഓണത്തിനായിരുന്നു ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍. ഏഷ്യാനെറ്റിന്‍റെ തിരുവോണം സ്പെഷല്‍ ചലച്ചിത്രമായിരുന്നു ദൃശ്യം 3.

