രണ്ടര വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന സൂര്യ ചിത്രം

സൂര്യയെ (Suriya) നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം എതര്‍ക്കും തുനിന്തവന്‍റെ (Etharkkum Thunindhavan) ഒറിജിനല്‍ സൗണ്ട് ട്രാക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു മാസ് ചിത്രത്തില്‍ സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള തീം മ്യൂസിക്കും പശ്ചാത്തല സംഗീതവുമാണ് ഡി ഇമ്മന്‍ നല്‍കിയിരിക്കുന്നത്. ഏഴ് ട്രാക്കുകള്‍ അടങ്ങിയ 16.10 മിനിറ്റ് ട്രാക്ക് ആണ് സണ്‍ ടിവിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയിരിക്കുന്നത്. 

പ്രിയങ്ക അരുള്‍ മോഹന്‍ നായികയായി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് മാര്‍ച്ച് 10ന് ആണ്. രണ്ടര വര്‍ഷത്തിനു ശേഷമാണ് ഒരു സൂര്യ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. സൂര്യയുടെ കഴിഞ്ഞ രണ്ട് ചിത്രങ്ങളായ സൂരറൈ പോട്ര്, ജയ് ഭീം എന്നിവ ഡയറക്ട് ഒടിടി റിലീസുകളായിരുന്നു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ രത്നവേലുവാണ്. എഡിറ്റിംഗ് റൂബന്‍. വിനയ് റായ്, സത്യരാജ്, രാജ്‍കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യയുടെ കരിയറിലെ 40-ാം ചിത്രമാണിത്.