സിങ്കപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ ആയിരുന്നു മരണം.

ദില്ലി: പ്രശസ്ത ബോളിവുഡ് ​ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു. 52 വയസായിരുന്നു. സിങ്കപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ ആയിരുന്നു മരണം. ഡൈവിങ്ങിനിടെ അദ്ദേഹത്തിന് ശ്വാസംമുട്ടൽ വന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ ഇദ്ദേഹത്തെ വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സെപ്റ്റംബർ 20, 21 തിയതികളിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിങ്കപ്പുരിൽ എത്തിയതായിരുന്നു സുബീൻ ഗാർഗ്. ഇന്ത്യന്‍ സമയം 2.230ഓടെ ആയിരുന്നു മരണം. സ്കൂബാ ഡൈവിംഗിനിടെ ഗാർഗിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നുവെന്ന് സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൻ്റെ പ്രതിനിധി അനുജ് കുമാർ ബൊറൂവ എൻഡിടിവിയോട് പറഞ്ഞു. 

"സുബീൻ ഗാർഗിൻ്റെ മരണവാർത്ത വളരെയേറെ ദുഃഖത്തോടെയാണ് ഞങ്ങൾ അറിയിക്കുകയാണ്. സ്‌കൂബ ഡൈവിങ്ങിനിടെ അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സിപിആർ നൽകി സിംഗപ്പൂർ ജനറൽ ആശുപത്രിയിലെത്തിച്ചു. രക്ഷിക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തിയെങ്കിലും ഐസിയുവിൽ വെച്ച് ഉച്ചയ്ക്ക് 2.30 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു, " എന്നായിരുന്നു അനുജ് കുമാർ ബൊറൂവയുടെ വാക്കുകള്‍.

സിനിമാരംഗത്തും സംഗീതരംഗത്തും ഏറെ ശ്രദ്ധേയനായ ​ഗായകനായിരുന്നു സുബീൻ ഗാർഗ്. അസമീസ്, ബംഗാളി, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ അദ്ദേഹം പാടിയിട്ടുണ്ട്. ഇമ്രാൻ ഹാഷ്മിയും കങ്കണ റണാവത്ത് അഭിനയിച്ച ഗ്യാങ്‌സ്റ്റർ എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധേയനാകുന്നത്. തുടർന്ന് 'സുബഹ് സുബഹ്', 'ക്യാ രാസ് ഹേ' തുടങ്ങി ഒട്ടനവധി ഹിറ്റ് പാട്ടുകൾ സുബീന്റെ ശബ്ദത്തിൽ ​പ്രേക്ഷകർക്ക് മുന്നില്ലെത്തിയിരുന്നു. 2022ൽ ഒരു റിസോർട്ടിൽ വച്ച് സുബീൻ ഗാർഗിന് ഒരു വീഴ്ച സംഭവിക്കുകയും തലയ്ക്ക് ചെറിയ പരിക്കേൽക്കുകയും ചെയ്തിരുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്