ചിത്ര എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്

ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ എത്തുന്ന നല്ല സമയം എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ പ്രൊമോ അണിയറക്കാര്‍ പുറത്തുവിട്ടു. ഫ്രീക്ക് ലുക്കില്‍ ഫ്രണ്ട്‍സുമായി എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രാജീവ് ആലുങ്കല്‍ ആണ്. ചിത്ര എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബിന്ദു അനിരുദ്ധന്‍, ജീനു നസീര്‍, ചിത്ര എസ് എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. 

ഒടിടി പ്ലാറ്റ്‍ഫോമിനുവേണ്ടി ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫണ്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം. നാല് പുതുമുഖ നായികമാര്‍ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തില്‍ നായകനാവുന്നത് ഇര്‍ഷാദ് അലിയാണ്. ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം. ബാബു ആന്‍റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍ സ്റ്റാറിനു മുന്‍പേ നല്ല സമയം റിലീസ് ചെയ്യുമെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. ക്രിസ്മസ് റിലീസ് ആയാണ് പവര്‍ സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നത്.

ALSO READ : റിലീസ് 121 സ്ക്രീനുകളില്‍, രണ്ടാം വാരം 200 ല്‍ അധികം തിയറ്ററുകളിലേക്ക്; കേരളത്തിലും 'കാന്താര' തരംഗം

ആക്ഷന്‍ ഹീറോ ആയി ബാബു ആന്‍റണിയുടെ തിരിച്ചുവരവ് എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് പവര്‍ സ്റ്റാര്‍. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്. നായികയും പ്രണയവും കോമഡി രംഗങ്ങളും ഇല്ലാതെ ആക്ഷന് മാത്രം പ്രാധാന്യം നൽകി ചെറിയ പിരീഡിൽ നടക്കുന്ന കഥ പറയുന്ന ചിത്രമായിരിക്കും പവർസ്റ്റാർ എന്ന് ഒമർ ലുലു പറഞ്ഞിരുന്നു.

Freak Lookil Friendsumayi | Lyrical Video | Promo Song | Nalla Samayam | Omar Lulu | | Irshad Ali