Asianet News MalayalamAsianet News Malayalam

Grammy 2022 : ഗ്രാമിയില്‍ താരമായി ജോണ്‍ ബാറ്റിസ്റ്റ്; 11 നോമിനേഷനുകളില്‍ അഞ്ച് പുരസ്‍കാരങ്ങള്‍

86 വിഭാഗങ്ങളിലായിരുന്നു ഇത്തവണ ഗ്രാമി പുരസ്‍കാരങ്ങള്‍

grammy 2022 jon batiste won 5 trophies ar rahman makes his presence felt
Author
Thiruvananthapuram, First Published Apr 4, 2022, 1:29 PM IST

ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡ് പ്രഖ്യാപനങ്ങളില്‍ (Grammy 2022) ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ജൊനാഥന്‍ മൈക്കള്‍ ബാറ്റിസ്റ്റ് എന്ന ജോണ്‍ ബാറ്റിസ്റ്റ്. ഈ വര്‍ഷത്തെ ഗ്രാമിയില്‍ നോമിനേഷനുകളുടെ എണ്ണത്തില്‍ ജോണ്‍ നേരത്തേ ആസ്വാദകശ്രദ്ധ നേടിയിരുന്നു. 11 നോമിനേഷനുകളായിരുന്നു ഈ 35 കാരന്‍ നേടിയത്. പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നിന്ന് അഞ്ച് അവാര്‍ഡുകളാണ് അദ്ദേഹം സ്വന്തം പേരില്‍ ആക്കിയത്.

ജോണിന്റെ വി ആര്‍ എന്ന ആല്‍ബത്തിനാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആല്‍ബത്തിനുള്ള പുരസ്കാരം. മികച്ച മ്യൂസിക് വീഡിയോയ്ക്കുള്ള പുരസ്കാരം അദ്ദേഹത്തിന്റെ തന്നെ ഫ്രീഡം നേടി. മികച്ച അമേരിക്കന്‍ റൂട്ട്സ് സോംഗിനും റൂട്ട്സ് പെര്‍ഫോമന്‍സിനുമുള്ള പുരസ്കാരങ്ങള്‍ ജോണിന്‍റെ തന്നെ ക്രൈ എന്ന ആല്‍ബത്തിനാണ്. ദൃശ്യ മാധ്യമത്തിലെ മികച്ച സൗണ്ട് ട്രാക്കിനുള്ള പുരസ്കാരം  അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ച സോള്‍ എന്ന ചിത്രത്തിനാണ്.

ജോണ്‍ ബാറ്റിസ്റ്റ് കഴിഞ്ഞാല്‍ ഏറ്റവുമധികം നോമിനേഷനുകള്‍ നേടിയത് ഡോജ ക്യാറ്റ്, ഹെര്‍, ജസ്റ്റിന്‍ ബീബര്‍ എന്നിവര്‍ ആയിരുന്നു. എട്ട് നോമിനേഷനുകളായിരുന്നു ഇവര്‍ക്കെല്ലാം. ഇതില്‍ മികച്ച പോപ്പ് ഡ്യുവോ പെര്‍ഫോമന്‍സിനുള്ള പുരസ്കാരം ഡോജ ക്യാറ്റ് നേടി. മികച്ച പരമ്പരാഗത ആര്‍ ആന്‍ഡ് ബി പെര്ഫോമന്‍സിനുള്ള പുരസ്കാരം ഹെര്‍ നേടി. ഫൈറ്റ് ഫോര്‍ യൂ എന്ന ആല്‍ബമാണ് പുരസ്കൃതമായത്. 

പുതിയ ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരം ഒലിവിയ റോഡ്രിഗോയ്ക്ക് ആണ്. മികച്ച റെക്കോര്‍ഡിനുള്ള പുരസ്കാരം സില്‍ക് സോണിക്കിന്‍റെ ലീവ് ദ് ഡോര്‍ ഓപണ്‍ നേടി. മികച്ച ഗാനവും അതു തന്നെ. ടെയ്ലറിന്റെ കോള്‍ മി ഈഫ് യു ഗെറ്റ് ലോസ്റ്റ് ആണ് മികച്ച റാപ്പ് ആല്‍ബം. പോപ്പ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്കാരം സോര്‍ എന്ന ആല്‍ബത്തിന് ഒലിവിയ റോഡ്രിയോ തന്നെ നേടി. മികച്ച പുതുതലമുറ ആല്‍ബത്തിനുള്ള പുരസ്കാരം ഇന്ത്യന്‍ കംപോസര്‍ റിക്കി കെജിന്‍റെ ഡിവൈന്‍ ടൈഡ്സ് നേടി. എ ആര്‍ റഹ്മാന്‍റെ ചടങ്ങിലെ സാന്നിധ്യം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നുണ്ട്. മകന്‍ അമീന്‍ ആണ് അദ്ദേഹത്തോടൊപ്പം ഇത്തവണ എത്തിയത്.

മുന്‍ വര്‍ഷത്തേക്കാള്‍ അധികം വിഭാഗങ്ങളില്‍ ഇക്കുറി പുരസ്കാരങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം 84 വിഭാഗങ്ങളിലായിരുന്നു പുരസ്കാരങ്ങളെങ്കില്‍ ഇക്കുറി അത് 86 ആയി ഉയര്‍ത്തപ്പെട്ടു. ജനുവരി 31ന് നടക്കേണ്ടിയിരുന്നു പുരസ്കാര ചടങ്ങ് ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നതാണ്. ഉക്രേനിയന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലന്‍സ്കി ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രത്യക്ഷപ്പെട്ടത് ചടങ്ങിലെ സര്പ്രൈസ് ആയി. സംഗീതത്തേക്കാള്‍ പ്രതീക്ഷ പകരുന്ന മറ്റൊന്നില്ലെന്നു പറഞ്ഞ് ആരംഭിച്ച അദ്ദേഹം യുദ്ധം തങ്ങളുടെ ജനതയ്ക്ക് വരുത്തിവശ നാശത്തെക്കുറിച്ച് വിശദീകരിച്ചു. യുദ്ധ സമയത്ത് ഉക്രൈനിലെ ഗായകര്‍ ജനതയ്ക്ക് പകര്‍ന്ന സാന്ത്വനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios