Asianet News MalayalamAsianet News Malayalam

വേദികളിൽ നിറയാൻ സിനിമാ അവസരങ്ങൾ പോലും ഉപേക്ഷിച്ചു, ഒടുവിൽ അരങ്ങിൽ അനശ്വരഗാനം പാടി ബഷീറിന്റെ മടക്കം

Edava basheer  കേരളത്തിൽ ഗാനമേളകളെ ജനകീയമാക്കുന്നതിൽ ഇടവ ബഷീർ വഹിച്ചത് നിർണായകപങ്ക്. യേശുദാസിന്റെയും റഫിയുടെയും പാട്ടുകളിലൂടെ ആരാധകരെ ഇളക്കി മറിച്ച ബഷീർ , ഗാനമേളകളിലെ സൂപ്പർസ്റ്റാറായിരുന്നു.

He even gave up film opportunities to fill the stage edava basheer memory
Author
Kerala, First Published May 29, 2022, 8:15 AM IST

ആലപ്പുഴ: കേരളത്തിൽ ഗാനമേളകളെ ജനകീയമാക്കുന്നതിൽ ഇടവ ബഷീർ വഹിച്ചത് നിർണായകപങ്ക്. യേശുദാസിന്റെയും റഫിയുടെയും പാട്ടുകളിലൂടെ ആരാധകരെ ഇളക്കി മറിച്ച ബഷീർ , ഗാനമേളകളിലെ സൂപ്പർസ്റ്റാറായിരുന്നു.

ജീവിതത്തിലും സംഗീതത്തിലും നെഞ്ചോട് ചേർത്തുവച്ച ഗാനഗന്ധർവ്വന്റെ അനശ്വരഗാനം പാടി ബഷീർ മടങ്ങി. സംഗീതവേദികളിൽ നിന്ന് മാറി നിൽക്കാതിരിക്കാൻ സിനിമയിലെ അവസരങ്ങൾ പോലും വേണ്ടെന്ന് വച്ച ബഷീറിന് ഒടുവിൽ അരങ്ങ് തന്നെ മരണവേദിയുമായി.

തിരുവനന്തപുരത്തെ ഇടവ എന്ന ഗ്രാമത്തിൽ നിന്നാണ് ലോകമെന്പാടുമുള്ള മലയാളി ശ്രോതാക്കളെ സ്വാധീനിച്ച ഗായകന്റെ വളർച്ച. ചെറുപ്പത്തിലേ പാട്ടിനോട് കമ്പം മൂത്ത് സംഗീതപഠനം തെരഞ്ഞെടുത്തു. സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ പഠിക്കുന്പോൾ തന്നെ സംഗീതവേദികളിൽ സജീവമായി. 72ൽ ഗാനഭൂഷണം പാസായ ശേഷം മുഴുനീള പാട്ടുകാരനായി. ചുരുങ്ങിയ സമയം കൊണ്ട് ഗാനമേള വേദികളിലെ സൂപ്പ‍ർതാരമായി.

ഇന്ത്യക്കകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികൾ. കേരളത്തിൽ ഗാനമേളകളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ബഷീറിന്റെ ജീവിതത്തിൽ സംഗീതവിരുന്നില്ലാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. ഇടക്ക് സിനിമയിലേക്കും അവസരങ്ങൾ. 78ൽ രഘുവംശം എന്ന ചിത്രത്തിൽ എടി ഉമ്മറിന്റെ സംഗീതത്തിൽ ആദ്യമായി സിനിമാപിന്നണി പാടിയ ബഷീറിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത് മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന ചിത്രത്തിലെ പാട്ട്. വാണി ജയറാമിനൊപ്പമുള്ള ആഴിത്തിരമാലകൾ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നായി.

ഇടവ ബഷീറിന്റെ സംസ്കാരം ഇന്ന്

സിനിമയിലേക്ക് പിന്നീടും ഓഫറുകൾ വന്നെങ്കിലും ഗാനമേളകളെ ആയിരുന്നു ബഷീർ കൂടുതൽ സ്നേഹിച്ചത്. ജനങ്ങളോട് നേരിട്ട് ഇടപഴകാൻ ഇതിലും മികച്ച വേദിയില്ലെന്നായിരുന്നു ബഷീറിന്റെ അഭിപ്രായം. കൊല്ലത്ത് സംഗീതാലയ എന്ന ഗാനമേള ട്രൂപ്പിന് തുടക്കമിട്ടത് വഴിത്തിരിവായി. അക്കോർഡിയൻ അടക്കം അത്യാധുനിക സംഗീത ഉപകരണങ്ങൾ കേരളത്തിലെ വേദികളിൽ ആദ്യമായി അവതരിപ്പിച്ചു ബഷീർ. യമഹയുടെ സിന്തസൈസര്‍, മിക്സർ, എക്കോ തുടങ്ങിയവ ആദ്യമായി നമ്മുടെ വേദികളിൽ അവതരിപ്പിച്ചത് ബഷീര്‍ ആയിരുന്നു. പാട്ടിലെ പുതുമയാർന്ന പരീക്ഷണങ്ങൾ കാണാനും കേൾക്കാനും വൻ ജനക്കൂട്ടം ബഷീറിന്റെ പരിപാടികളിലേക്ക് ഒഴുകിയെത്തി.

ഗാനമേളക്കിടെ കുഴഞ്ഞുവീണു, ഗായകൻ ഇടവ ബഷീര്‍ അന്തരിച്ചു

സംഗീതാലയക്ക് പിന്നാലെ സംഗീതം എന്ന റെക്കോർഡിംഗ് സ്റ്റുഡിയോ തുടങ്ങിയപ്പോഴും ഉദ്ഘാടകനായി എത്തിയത് കെജെ യേശുദാസ്. റഫിയെയും യേശുദാസിനെയും മാനസ ഗുരുവായി കണ്ട ബഷീറിന് പാട്ട് മാത്രമായിരുന്നു ലോകം. 78ആം വയസ്സിൽ വേദിയിൽ പാടി വീഴും വരെ ആ യാത്ര തുടർന്നു. പാതിയിൽ മുറിഞ്ഞുപോയെങ്കിലും ശ്രോതാക്കളുടെ മനസ്സിൽ ബഷീർ എന്ന അനശ്വര ഗായകന്റെ ഭാവതീവ്രമായ ശബ്ദം എക്കാലവും അലയടിക്കും.

സംസ്കാരം ഇന്ന്

ഇടവ ബഷീറിന്റെ സംസ്കാരം ഇന്ന് നടക്കും. പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിൽ ഗാനമേളക്കിടെ സ്റ്റേജിൽ കുഴഞ്ഞുവീഴുകയായിരുന്നു ബഷീര്‍. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Follow Us:
Download App:
  • android
  • ios