ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രൺവീർ സിംഗ് നായകനാവുന്ന സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം 'ദുരന്ദറി'ലെ പുതിയ ഗാനം പുറത്തിറങ്ങി
ബോളിവുഡ് ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ദുരന്ദര്‍. രണ്‍വീര്‍ സിംഗ് നായകനാവുന്ന സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ രചനയും സംവിധാനവും ആദിത്യ ധര്‍ ആണ്. ചിത്രത്തിന്‍റെ നേരത്തേ പുറത്തെത്തിയ ട്രെയ്‍ലര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ധൂപ് ഠൂട് കേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇര്‍ഷാദ് കാമിലും സഹാര്‍ ലുധിയാന്‍വിയും ചേര്‍ന്നാണ്. ശാശ്വത് സച്ച്ദേവും റോഷനും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശാശ്വത് സച്ച്ദേവ്, ഷെഹ്നാദ് അലി, ശുഭദീപ് ദാസ് ചൗധരി, അര്‍മാന്‍ ഖാന്‍ എന്നിവരാണ് പാടിയിരിക്കുന്നത്.
ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. അദ്ദേഹവും ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന, 'ധുരന്ദർ', അജ്ഞാതരായ പുരുഷന്മാരുടെ ഉത്ഭവത്തെക്കുറിച്ചുള്ള പറയപ്പെടാത്ത കഥ വെളിപ്പെടുത്തുന്നു. ഈ വർഷത്തെ ഏറ്റവും വലിയ ഹിന്ദി ചിത്രമായാണ് ധുരന്ദർ തീയേറ്ററുകളിലെത്തുക. ഛായാഗ്രഹണം വികാഷ് നൗലാഖ, എഡിറ്റർ ശിവകുമാർ വി പണിക്കർ, സംഗീതം ശാശ്വത് സച്‌ദേവ്, പ്രൊഡക്ഷൻ ഡിസൈനർ സെയ്‍നി എസ് ജോഹറായ്, വസ്ത്രാലങ്കാരം സ്‌മൃതി ചൗഹാൻ, ആക്ഷൻ എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെൻ, റംസാൻ ബുലുത്, നൃത്തസംവിധാനം വിജയ് ഗാംഗുലി, പിആർഒ ശബരി. ഡിസംബർ 5 ന് ആഗോള റിലീസായെത്തും ചിത്രം.
അതേസമയം ഇനിയും സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ചിത്രത്തിന്‍റെ പ്രതീക്ഷിക്കപ്പെടുന്ന റണ്ണിംഗ് ടൈം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മൂന്നര മണിക്കൂറിലേറെ ആയിരിക്കും ചിത്രത്തിന്‍റെ ദൈര്‍ഘ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയെങ്കില്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടെ ബോളിവുഡില്‍ പുറത്തിറങ്ങിയ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമായി മാറും ധുരന്ദര്‍. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക. പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിക്കുന്നപക്ഷം ബോക്സ് ഓഫീസില്‍ അത്ഭുതങ്ങളില്‍ കുറഞ്ഞൊന്നും ബോളിവുഡ് പ്രതീക്ഷിക്കുന്നില്ല.



