ഒക്ടോബര്‍ 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ മുന്‍നിരയിലാണ് ജയ ജയ ജയ ജയ ഹേയുടെ സ്ഥാനം. ബോക്സ് ഓഫീസ് കളക്ഷനില്‍ പല സൂപ്പര്‍താര ചിത്രങ്ങളേക്കാളും മുന്നിലായിരുന്നു വിപിന്‍ ദാസ് സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രം. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഇങ്ങോട്ട് നോക്കണ്ട എന്നാരംഭിക്കുന്ന ഗാനം പുരുഷ, സ്ത്രീ ശബ്ദങ്ങളില്‍ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. രണ്ട് കേന്ദ്ര കഥാപാത്രങ്ങളുടെയും കാഴ്ചപ്പാടിലാണ് ചിത്രത്തില്‍ അവ പല സന്ദര്‍ഭങ്ങളിലായി കടന്നുവരുന്നത്. ബേസില്‍ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രത്തിന്‍റേതായി കടന്നുവരുന്ന ഗാനം ആലപിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്. വിായക് ശശികുമാറിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്. 

ALSO READ : ആരാധകരുടെ കാത്തിരിപ്പിന് അവസാനം; 'മുകുന്ദന്‍ ഉണ്ണി' ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു

ഒക്ടോബര്‍ 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍ ദാസ്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമൽ പോൾസന്‍ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഒടിടി റിലീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു.

Ingaatt Nokanda- Basil Joseph Version | Jaya Jaya Jaya Jaya Hey | Darshana Rajendran |Ankit Menon