സുഹൈല്‍ കോയയുടെ വരികള്‍

നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ജോ ആന്‍ഡ് ജോ (Jo and Jo) എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. മാത്യു തോമസ്, നസ്‍ലെന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. പുഴയരികത്ത് ദമ്മ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്ത (Govind Vasantha). ആലാപനം മിലന്‍ വി എസ്.

ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍സാര്‍ ഷാ നിർവ്വഹിക്കുന്നു. ടിറ്റോ തങ്കച്ചനും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ, കലാസംവിധാനം നിമേഷ് താനൂർ, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റിൽസ് ഷിജിൻ പി രാജ്, പരസ്യകല മനു ഡാവിഞ്ചി, എഡിറ്റിംഗ് ചമൻ ചാക്കോ, സൗണ്ട് ഡിസൈനിംഗ് സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൾ ബഷീർ, പിആർഒ എ എസ് ദിനേശ്.

ഐഎഫ്എഫ്കെ സുവര്‍ണ്ണ ചകോരം 'ക്ലാര സോള'യ്ക്ക്; 'കൂഴങ്കലി'ന് മൂന്ന് പുരസ്‍കാരങ്ങള്‍

26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (IFFK 2022) മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം കോസ്റ്റാറിക്കന്‍ ചിത്രം ക്ലാര സോളയ്ക്ക് (Clara Sola). ഒപ്പം സംവിധാന രംഗത്തെ മികച്ച നവാഗത സാന്നിധ്യത്തിനുള്ള രജത ചകോരവും ഈ ചിത്രത്തിന്‍റെ സംവിധായിക നതാലി അല്‍വാരെസ് മേസണ്‍ നേടി. മൂന്ന് പുരസ്‍കാരങ്ങളോടെ പി എസ് വിനോദ് രാജ് സംവിധാനം നിര്‍വ്വഹിച്ച കൂഴങ്കലും ചലച്ചിത്രോത്സവത്തിലെ ശ്രദ്ധേയ സാന്നിധ്യമായി അടയാളപ്പെട്ടു. ഓഡിയന്‍സ് പോള്‍ അവാര്‍ഡിനൊപ്പം ജൂറി പുരസ്കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഈ ചിത്രത്തിനാണ്.

മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം ഡിന ആമെര്‍ സംവിധാനം ചെയ്‍ത യു റിസെംബിള്‍ മി എന്ന ചിത്രത്തിനാണ്. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം ആര്‍ കെ ക്രിഷാന്തിന്‍റെ ആവാസവ്യൂഹത്തിനാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഈ ചിത്രത്തിനാണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ കെ ആര്‍ മോഹനന്‍ അവാര്‍ഡ് ഐ ആം നോട്ട് ദ് റിവര്‍ ഝലം എന്ന ചിത്രം ഒരുക്കിയ പ്രഭാഷ് ചന്ദ്രയും നിഷിധോ ഒരുക്കിയ താര രാമാനുജനും പങ്കിട്ടു. ചലച്ചിത്രോത്സവത്തിലെ മാധ്യമ പുരസ്കാരങ്ങളില്‍ മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ഏയ്ഞ്ചല്‍ മേരി മാത്യുവിനാണ്.