ജൂണ്‍ 27 ന് തിയറ്ററുകളില്‍

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’യിലെ ഒരു ഗാനം പുറത്തെത്തി. ഭൈരവ ആന്തം എന്ന പേരിലെത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് ദോസഞ്ചിനൊപ്പം ദീപക് ബ്ലൂവും സന്തോഷ് നാരായണനും ചേര്‍ന്നാണ്. സന്തോഷ് നാരായണനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേരത്തെ ഈ ഗാനത്തിന്‍റെ പ്രൊമോയും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. രാമദോഗയ്യ ശാസ്ത്രിയും കുമാറും ചേര്‍ന്നാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. 

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ അപ്കമിംഗ് റിലീസുകളില്‍ വന്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണിത്. പല ഭാഷകളിലെയും പ്രധാന താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുന്ന ചിത്രത്തിന് പാന്‍ ഇന്ത്യന്‍ കാത്തിരിപ്പാണ് ഉള്ളത്. ജൂണ്‍ 27 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ അതികായന്മാര്‍ അണിനിരക്കുന്ന ചിത്രം എന്നതുതന്നെയാണ് ഏറ്റവും വലിയ യുഎസ്‍പി.

ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്. സാന്‍ ഡിയാ​ഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

ALSO READ : വേറിട്ട ത്രില്ലര്‍; 'ഗോളം' സ്‍നീക്ക് പീക്ക് എത്തി

Bhairava Anthem | Kalki 2898 AD | Prabhas | Diljit Dosanjh | Santhosh Narayanan