കഥയിലും അവതരണത്തിലും ഏറെ പ്രത്യേകതകളോടെ എത്തിയ ചിത്രം

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് കിഷ്കിന്ധാ കാണ്ഡം. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടി തിയറ്ററുകളില്‍ തുടരുന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ത്രീ വൈസ് മങ്കീസ് എന്ന് പേരിട്ടിരിക്കുന്ന ഗാനം ആരംഭിക്കുന്നത് നാമറിഞ്ഞീടാ പലതും ഉലകില്‍ എന്ന വരികളോടെയാണ്. ശ്യാം മുരളീധരന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് മുജീബ് മജീദ് ആണ്. മുജീബ് മജീദിനൊപ്പം സത്യപ്രകാശും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കഥയിലും അവതരണത്തിലും ഏറെ പ്രത്യേകതകളോടെ എത്തിയിരിക്കുന്ന ചിത്രമാണ് ഇത്. മിസ്റ്ററി ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം ദിന്‍ജിത്ത് അയ്യത്താന്‍ ആണ്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന്‍റെ രചനയും ഛായാ​ഗ്രഹണവും ബാഹുല്‍ രമേശ് ആണ്. ഛായാ​ഗ്രാഹകനായ ബാഹുലിന്‍റെ ആദ്യ തിരക്കഥയാണ് ഇത്. 

ആസിഫ് അലിക്കൊപ്പം വിജയരാഘവനും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൂവരുടെയും പ്രകടനങ്ങളും കൈയടി നേടിയിരുന്നു. ഫെസ്റ്റിവല്‍ സീസണുകളില്‍ ആഘോഷ മൂഡ് ഉള്ള ചിത്രങ്ങള്‍ മാത്രമേ വിജയിക്കൂ എന്ന പൊതുധാരണയെയും മാറ്റിയെഴുതി കിഷ്‍കിന്ധാ കാണ്ഡം. ​ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ്. ചിത്രസംയോജനം സൂരജ് ഇ എസ്.

ALSO READ : യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയ തമിഴ് ചിത്രം; 'സീരന്‍' ട്രെയ്‍ലര്‍

Three Wise Monkeys | Kishkindha Kaandam | Asif Ali | Dinjith Ayyathan | Mujeeb Majeed