ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം

പാട്ടുകള്‍ക്കൊപ്പം സിനിമകളിയെ സൗണ്ട് ട്രാക്കും പുതുകാലത്തെ പ്രേക്ഷകര്‍ കാര്യമായി ശ്രദ്ധിക്കാറുണ്ട്. പ്രേക്ഷകരുടെ ആ അധികശ്രദ്ധ സംഗീത സംവിധായകര്‍ക്കും വലിയ പ്രചോദനമാണ്. ഇപ്പോഴിതാ സമീപകാലത്ത് ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായ കിഷ്കിന്ധാ കാണ്ഡത്തിന്‍റെ ഒഎസ്ടി ജൂക് ബോക്സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മുജീബ് മജീദ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. മുജീബിന് ഏറെ പ്രശംസ ലഭിച്ച വര്‍ക്ക് ആണ് ഇത്. 37 വ്യത്യസ്ത ട്രാക്കുകളാണ് കിഷ്കിന്ധാ കാണ്ഡത്തിന് വേണ്ടി ഒരുക്കിയത്.

ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ബാഹുല്‍ രമേശ് ആണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ എത്തിയ ചിത്രം പക്ഷേ ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നതില്‍ വിജയിച്ചു. 

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന്‍റെ രചയിതാവ് ബാഹുല്‍ രമേശ് തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാ​ഗ്രാഹകനായ ബാഹുലിന്‍റെ ആദ്യ തിരക്കഥയാണ് ഇത്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റിലീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്.

ALSO READ : മാമുക്കോയയുടെ മകന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്; 'ഒരുമ്പെട്ടവൻ' ക്യാരക്ടർ പോസ്റ്റർ എത്തി

Kishkindha Kaandam OST Jukebox | Mujeeb Majeed | Asif Ali | Aparna Balamurali | Dinjith Ayyathan