Asianet News MalayalamAsianet News Malayalam

K S Chithra : നാല് പതിറ്റാണ്ടിന്‍റെ സ്വരമാധുരി; കെ എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാള്‍

പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ആരാധകര്‍

ks chithra birthday a musical journey spanned 40 years
Author
Thiruvananthapuram, First Published Jul 27, 2022, 10:24 AM IST

മലയാളി സംഗീതപ്രേമികളുടെ കാതകലത്തില്‍ എപ്പോഴുമുള്ള പ്രിയ സ്വരങ്ങളിലൊന്നാണ് കെ എസ് ചിത്രയുടേത് (K S Chithra). കാലമെത്ര ചെന്നാലും മാറ്റമൊന്നുമില്ലാത്ത ആ സ്വരമാധുരിയുടെ ഉടമയ്ക്ക് ഇന്ന് 59 -ാം പിറന്നാള്‍. നാല് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച ആ സംഗീതയാത്രയുടെ ചാരുതയ്ക്ക് ഇന്നും കുറവൊന്നുമില്ലെന്ന് ആസ്വാദകരുടെ സാക്ഷ്യം.

1978 ലെ കലോത്സവ വേദിയില്‍ വച്ചാണ് ചിത്രയെന്ന പെണ്‍കുട്ടി ആദ്യമായി ആസ്വാദക ശ്രദ്ധയിലേക്ക് എത്തുന്നത്. വേദിയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി സി അച്യുത മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു ആ വിദ്യാര്‍ഥിനി. തിരുവനന്തപുരത്തെ സംഗീത കുടുംബത്തിൽ ജനിച്ച ചിത്രക്ക് അച്ഛൻ കൃഷ്ണൻ നായർ  ആയിരുന്നു ജീവിതത്തിലെ ആദ്യ വഴികാട്ടി. ചെറിയ പ്രായത്തില്‍ത്തന്നെ പാട്ടിൽ മികവ് പുലർത്തിയ ചിത്ര സംഗീത വിദുഷി പ്രൊഫ. കെ ഓമനക്കുട്ടിയുടെ പ്രിയ ശിഷ്യയായി മാറി പിന്നീട്. സ്കൂൾ പഠനത്തിനു ശേഷം സംഗീതം തന്നെ ഉപരിപഠനത്തിനു തെരഞ്ഞെടുത്ത ചിത്ര, അധികം താമസിയാതെ സിനിമാ പിന്നണി ഗാനരംഗത്തേക്കും എത്തപ്പെട്ടു. താന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച അട്ടഹാസം എന്ന ചിത്രത്തിലൂടെ എം ജി രാധാകൃഷ്ണനാണ് ചിത്രയെ സിനിമയില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ആസ്വാദകരെ സംബന്ധിച്ച് ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രിയപ്പെട്ട ഒന്നിന്‍റെ കണ്ടെത്തലായിരുന്നു അത്.

ALSO READ : തെലുങ്ക് സിനിമയിലും പ്രതിസന്ധി; ഓഗസ്റ്റ് 1 മുതല്‍ ചിത്രീകരണം നിര്‍ത്തുമെന്ന് നിര്‍മ്മാതാക്കള്‍

ഇളയരാജ വഴി തമിഴകത്തും ചുവടുറപ്പിച്ച ചിത്രയുടെ ശബ്ദം പിന്നീട് ഇന്ത്യ മുഴുവൻ മുഴങ്ങി. ഇക്കാലത്തിനിടെ ഇരുപത്തയ്യായിരത്തോളം ഗാനങ്ങളാണ് ചിത്ര ആലപിച്ചിട്ടുള്ളത്. ആറു തവണ ദേശീയ പുരസ്‍കാരവും വിവിധ ഭാഷകളിലായി നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. കലാജീവിതത്തിനു പുറത്ത് കാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി മുന്നോട്ട് യാത്ര തുടരുകയാണ് ചിത്ര. പിറന്നാള്‍ ദിനത്തില്‍ സമൂഹമാധ്യമങ്ങളിലും ആശംസകള്‍ പ്രവഹിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios