പാട്ടുകളുടെ പകർപ്പവകാശ വിഷയത്തിൽ ഇളയരാജയുടെ നിലപാടിനെ പിന്തുണച്ച് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. ഒരു ഗാനത്തിന്റെ സംഗീതത്തിന്റെ അവകാശം സംഗീതസംവിധായകനും വരികളുടേത് ഗാനരചയിതാവിനുമാണ്.
പാട്ടിന്റെ കോപ്പി റൈറ്റ് വിവാദങ്ങളിൽ പലപ്പോഴും സമൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന സംഗീത സംവിധായകനാണ് ഇളയരാജ. പുതിയ സിനിമകളിൽ പലപ്പോഴും ഇളയരാജയുടെ പാട്ടുകൾ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഉപയോഗിക്കപ്പെടുമ്പോൾ അദ്ദേഹം നിയമപരമായി തന്നെയാണ് അതിനെ നേരിടാറ്. അടുത്തിടെ അജിത്ത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യിൽ ഇളയരാജയുടെ പാട്ടുകൾ സമ്മതമില്ലാതെ ഉപയോഗിച്ചതിനെ തുടർന്ന് ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തിരുന്നു.
ഇപ്പോഴിതാ ഇത്തരം കാര്യങ്ങളിൽ വിവാദത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. ഇളയരാജ പറയുന്നത് സത്യമായ കാര്യമാണെന്നും, പാട്ടിന്റെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്ന് പറയുമ്പോള്‍ വരികളുടെ അവകാശം ഗാനരചയിതാവിന്റേതും സംഗീതത്തിന്റേത് സംഗീത സംവിധായകനുമാണെന്നും, അത് ഒരു പ്രൊഡക്ഷന് കൊടുത്താല്‍ പോലും ഈ ഇന്റല്ക്ച്വല്‍ പ്രോപ്പര്‍ട്ടി അവരുടേതാണെന്നുമാണ് എം. ജയചന്ദ്രൻ പറയുന്നത്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു എം. ജയചന്ദ്രന്റെ പ്രതികരണം.
ഗായകര്‍ വേദികളില്‍ പാടുമ്പോള്‍ വലിയ തുക പ്രതിഫലം ലഭിക്കുന്നുണ്ട്
"രാജ സാര്‍ പറയുന്നത് സത്യമായ കാര്യമാണ്, പല സംഗീത സംവിധായകരും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടാണ് മരിച്ചിട്ടുള്ളത്. എടി ഉമ്മര്‍ സാറിനെപ്പോലുള്ള പലരേയും നമുക്കറിയാം. ആ സമയങ്ങളിലൊക്കെ അവരുടെ പാട്ടുകള്‍ക്ക് ഇതുപോലുള്ള റോയല്‍റ്റി കിട്ടിയുരുന്നുവെങ്കില്‍, ചെറിയതാണെങ്കില്‍ പോലും, അവര്‍ക്കത് എത്രയധികം സഹായമാകുമായിരുന്നു. പാട്ടിന്റെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്ന് പറയുമ്പോള്‍ വരികളുടെ അവകാശം ഗാനരചയിതാവിന്റേതും, സംഗീതത്തിന്റേത് സംഗീത സംവിധായകനുമാണ്. അത് ഒരു പ്രൊഡക്ഷന് കൊടുത്താല്‍ പോലും ഈ ഇന്റല്ക്ച്വല്‍ പ്രോപ്പര്‍ട്ടി അവരുടേതാണ്. ഗായകര്‍ വേദികളില്‍ പാടുമ്പോള്‍ അവര്‍ക്ക് വലിയ തുക പ്രതിഫലം ലഭിക്കുന്നുണ്ട്. അതിന്റെ ഒരു ചെറിയ ശതമാനം, ഒരു ലക്ഷം രൂപ കിട്ടുമ്പോള്‍ ആയിരം രൂപ സംഗീത സംവിധായകനും ഗാനരചയിതാവിനും കിട്ടിയാല്‍ നന്നാകും. കാരണം അവര്‍ പാടുന്നത് ഒറിജനല്‍ അല്ല, അവരുണ്ടാക്കിയതല്ല." എം. ജയചന്ദ്രൻ പറയുന്നു.
"ഞാന്‍ മനസിലാക്കുന്നത്, ഈയ്യടുത്ത് വന്നൊരു കോടതി വിധി പറഞ്ഞത് എവിടെ പരിപാടി അവതരിപ്പിച്ചാലും സംഗീത സംവിധായകനും ഗാനരചയിതാവിനും ചെറിയ തുക റോയല്‍റ്റിയായി കൊടുക്കണം എന്നാണ്. ഇളയരാജ സാറിനെ സംബന്ധിച്ച്, തന്റെ ഒത്തിരി പാട്ടുകളുടെ കോപ്പി റൈറ്റ് അദ്ദേഹത്തിന് തന്നെയുണ്ട്. അദ്ദേഹം അതിന്റെ പ്രൊഡ്യൂസറുമാണ്. അതിനാല്‍ അദ്ദേഹം തന്നെയാണ് തീരുമാനമെടുക്കേണ്ടതും. തന്റെ വസ്തുവില്‍ മറ്റൊരാള്‍ കൈ കടത്തുമ്പോള്‍ അദ്ദേഹത്തിന് സംസാരിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇത് വളരെ കഷ്ടപ്പെട്ട് പാടുന്ന പാട്ടുകാരെക്കുറിച്ചല്ല പറയുന്നത്. വളരെയധികം ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ചാനലുകാര്‍ അവര്‍ക്ക് പണം ഉണ്ടാക്കാന്‍ വേണ്ടിയാണ് ചെയ്യുന്നത്. അതിനൊരു റോയല്‍റ്റി കൊടുക്കുക. എനിക്കും കിട്ടുന്നുണ്ട്. രണ്ടായിരവും മൂവായിരവും ചില മാസങ്ങളില്‍ വരും. ചിലപ്പോള്‍ നല്ലൊരു തുകയും കിട്ടും. അപ്പോള്‍ സന്തോഷം തോന്നും. പണം കിട്ടുന്നുവെന്നതല്ല, നമുക്ക് കിട്ടാന്‍ അര്‍ഹമായത് കിട്ടുന്നുവെന്നതാണ് കാര്യം." എം. ജയചന്ദ്രൻ കൂട്ടിച്ചേർത്തു.



