സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുമായുള്ള ഓർമ്മകൾ പങ്കുവെച്ചു. സഹോദരതുല്യമായ ആ ബന്ധത്തിൽ സ്നേഹവും വാത്സല്യവും നിറഞ്ഞ പിണക്കങ്ങളും പതിവായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. പുതിയ തലമുറയിലെ കുട്ടികൾ മുതൽ പ്രായമായവർ വരെ ഗിരീഷ് പുത്തഞ്ചേരിയുടെ ആരാധകരാണ്. മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ രാവണപ്രഭു റീ റിലീസ് വേളയിലും വളരെയധികം ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഗിരീഷ് പുത്തഞ്ചേരിയുമായുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു എം. ജയചന്ദ്രന്റെ പ്രതികരണം.
ഗിരീഷ് പുത്തഞ്ചേരിയെ താൻ ഏട്ടന്റെ സ്ഥാനത്താണ് കാണുന്നതെന്നും, അദ്ദേഹത്തിന്റെ അടുത്ത് തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എം. ജയചന്ദ്രൻ പറയുന്നു. "ഗിരീഷേട്ടനുമായിട്ട് ഒരു നിമിഷം ഭയങ്കര സ്നേഹമായിരിക്കും, ഒരു നിമിഷം കെട്ടിപ്പിടിച്ചിരിക്കും, അടുത്ത നിമിഷം തള്ളി നീക്കി ഇറങ്ങി പോടാ എന്ന് പറയും. അങ്ങനെയുള്ള ഒരു ബന്ധമാണ്. ഗിരീഷേട്ടനെ ഞാൻ എന്റെ ചേട്ടനെപ്പോലെ കാണുന്നുമുണ്ട്. അദ്ദേഹത്തിന്റെ അടുത്ത് എനിക്ക് എന്തും പറയാനായിട്ടുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.
'നീയാരാ ഗിരീഷ് കുട്ടഞ്ചേരിയോ'
ഗിരീഷേട്ടനോട് ഞാൻ പറയും ഇതല്ല എനിക്ക് വേണ്ടതെന്ന്. ഞാൻ ചില ഡമ്മി ലിറക്സ് ഒക്കെ പാടി കൊടുക്കും. അപ്പോ 'നീയാരാ ഗിരീഷ് കുട്ടഞ്ചേരിയോ' എന്ന് ചോദിക്കും. എന്നിട്ട് പറയും, 'എന്നാ നീ എഴുതിക്കോ, പിന്നെ ഞാനെന്തിനാ എഴുതുന്നേ' എന്നൊക്കെ പറഞ്ഞ് ഇറങ്ങിപ്പോകും. അല്ലെങ്കിൽ 'ഇറങ്ങിപ്പോടാ' എന്ന് പറയും. കുറേ നേരം കഴിയുമ്പോൾ പറയും മുത്തേ, ഞാൻ നിന്റെ ചേട്ടനല്ലേടാ, ഇത് വച്ചോ എന്ന് പറഞ്ഞിട്ട് പാട്ട് എഴുതി തരും. അങ്ങനെ വാത്സല്യത്തിന്റെ വളരെയധികം സ്നേഹത്തിന്റെ ഒരുപാട് ഏടുകളുണ്ട് എന്റെയും ഗിരീഷേട്ടന്റെയും പാട്ട് ജീവിതത്തിൽ." എം. ജയചന്ദ്രൻ പറഞ്ഞു.



