ബിഗ് ബോസ് മലയാളം സീസൺ 7-ൽ നിന്ന് പുറത്തായ മത്സരാർത്ഥി ഒനീൽ സാബു, സഹമത്സരാർത്ഥി ലക്ഷ്മിക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് അറിയിച്ചു. ഷോയിൽ വെച്ച് മസ്താനിയെ മോശമായി സ്പർശിച്ചുവെന്ന് ലക്ഷ്മി ഉന്നയിച്ച വ്യാജ ആരോപണത്തെ തുടർന്നാണ് നിയമനടപടി.
ബിഗ് ബോസ് മലയാളം സീസൺ 7 പുരോഗമിച്ചുകൊണ്ടിരിക്കുയാണ്. ടോപ് ടെൻ മത്സരാർത്ഥികളുമായി പുതിയ ഘട്ടത്തിലേക്ക് കടന്ന ബിഗ് ബോസിൽ ആരൊക്കെയാവും ടോപ് ഫൈവിൽ എത്തുക എന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്ന പ്രധാന കാര്യം. ബിഗ് ബോസ്സിൽ നിന്നും എവിക്ട് ആയതിന് ശേഷം മത്സരാർത്ഥികളുടെ പരാമർശങ്ങളും മറ്റും വിവാദങ്ങൾക്ക് വഴി തെളിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർത്ഥി ഒനീൽ സാബുവിന്റെ വാക്കുകളാണ് ചർച്ചയാവുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു ഒനീലിന്റെ തുറന്നുപറച്ചിൽ.
ബിഗ് ബോസ് വീട്ടിൽ മുൻപ് മസ്താനിയെ ഒനീൽ മോശമായി സ്പർശിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ലക്ഷ്മി രംഗത്തുവന്നിരുന്നു. താൻ നേരിട്ട് കാണാത്ത ഒരു സംഭവമായിരുന്നിട്ടും ഒനീലിനെതിരെ രൂക്ഷമായ ഭാഷയിലാണ് ലക്ഷ്മി പ്രതികരിച്ചത്. അന്നത്തെ വീക്കന്റ് എപ്പിസോഡിൽ മോഹൻലാൽ പ്രസ്തുത വിഷയം ചർച്ചയാക്കുകയും ലക്ഷ്മിയോട് ഒനീലിനോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും, ലക്ഷ്മി അങ്ങനെ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് പ്രസ്തുത സംഭവത്തിന്റെ വീഡിയോ ഫുട്ടേജ് കാണിക്കുകയും ഒനീലിന്റെ നിരപരാധിത്വം പ്രേക്ഷകർക്കും മത്സരാർത്ഥികൾക്കും ബോധ്യമാവുകയും ചെയ്തതാണ്. എന്നാൽ ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന് ശേഷം ഈ വിഷയത്തിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് ഒനീൽ. താൻ ലക്ഷ്മിക്കെതിരെ ഡിഫമേഷൻ കേസ് കൊടുക്കുമെന്നും, തനിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതിൽ ലക്ഷ്മി അകൗണ്ടബിൾ ആവേണ്ടതുണ്ടെന്നുമാണ് ഒനീൽ പറയുന്നത്.
ലക്ഷ്മി അകൗണ്ടബിൾ ആകണം
"ലക്ഷ്മിയുടെ വിഷയം ഞാൻ നേരത്തെ പറഞ്ഞപോലെ ഡിഫമേഷനിലൂടെ തന്നെ നേരിടും, അത് ഞാൻ വിടാൻ ശ്രമിച്ചിട്ടില്ല. ലക്ഷ്മി അകൗണ്ടബിൾ ആകണം. ഇങ്ങനത്തെ ആൾക്കാർ ചുമ്മ ഒരു പോസ്റ്റിന് താഴെ വന്നിട്ട് ഒരു കമന്റ് ഇട്ടിട്ട് പോവില്ലേ, ഒരു തിരി കൊളുത്തിയിട്ട് പോവും. അപ്പോൾ അവിടെ വന്നിട്ട് ആയിരം പേര് വന്നിട്ട് തല്ലുകൂടും. അതാണ് ലക്ഷ്മി. ഒരു കമന്റ് ഇടാൻ വന്നിരിക്കുകയാണ്. ബോട്ടിൽ ടാസ്കിന്റെ ഗെയിമിൽ വന്നിട്ട്, 'ഒനീൽ ക്യാപ് ഇട്ടിട്ടില്ല, ഇയാൾ ഇങ്ങനെ കളിക്കുന്നില്ല' ഇത് പറയാൻ വേണ്ടി ഒരാൾ അവിടെ എന്തിനാണ്. ബിഗ് ബോസ് എന്താണ് ഗുമസ്തനെ വെച്ചിരിക്കുന്നോ?" ഒനീൽ പറയുന്നു.

"നമുക്കറിയാം, നമ്മുടെ കളി ഇതായിരിക്കും. ഇയാൾ ആരാണ് ചൂണ്ടി കാണിക്കാൻ വന്നിരിക്കുന്ന അനലിസ്റ്റോ? ലക്ഷ്മിക്ക് എന്താണ് ഗെയിം? ഒരു ഗെയിമുമില്ല. പി.ആർ ആണ് ഗെയിം. 'ഞാൻ പോവില്ല കാരണം ഇത്രയും പൈസ കൊടുത്ത ഞാൻ പി. ആറിനെ വെച്ചിട്ടുണ്ട്' എന്ന ബലമാണ് ലക്ഷ്മിക്ക്. അതാണ് ഏഷ്യാനെറ്റിനെതിരെയുള്ള കളി, ജിയോ ഹോട്ട്സ്റ്റാറിനെതിരെയുള്ള കളി, ഈ ഗെയിമിനെതിരെയുള്ള കളി." ഒനീൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.



