'ഓട്ടോഗ്രാഫ്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ അംബരീഷ് അഭിനയത്തിൽനിന്നും വിട്ടുനിൽക്കാനുള്ള കാരണം വെളിപ്പെടുത്തി. അഭിനയരംഗത്ത് പ്രതിഫലം കിട്ടാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന 'ഓട്ടോഗ്രാഫ്'. പ്രായഭേദമന്യേ നിരവധി പ്രേക്ഷകർ ഈ പരമ്പരയുടെ ആരാധകരായിരുന്നു. ഫൈവ് ഫിംഗേഴ്സ് എന്ന അഞ്ച് വിദ്യാർത്ഥികളുടെ സൗഹൃദവും പ്രണയവും പ്രതികാരവുമെല്ലാമായിരുന്നു സീരിയലിന്റെ പ്രമേയം. രഞ്ജിത്ത് രാജ്, ശാലിൻ സോയ, അംബരീഷ്, ശ്രീക്കുട്ടി, സോണിയ മോഹൻദാസ്, ജിഷിൻ മോഹൻ, ശരത് കുമാർ തുടങ്ങിയവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരിൽ പലരും പിൽക്കാലത്ത് അഭിനയരംഗത്ത് സജീവമായെങ്കിലും അംബരീഷിനെ ഓൺസ്ക്രീനിൽ അധികം കണ്ടിട്ടില്ല. ഇതേക്കുറിച്ചെല്ലാം തുറന്ന് സംസാരിക്കുകയാണ് താരം. താൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു എന്നും സംവിധാനത്തോട് താൽപര്യം വന്നപ്പോൾ അഭിനയം സെെഡാക്കി അസിസ്റ്റ് ചെയ്യാൻ ആരംഭിച്ചെന്നും അംബരീഷ് പറയുന്നു.
''ഭാര്യ ഡോക്ടറാണ്. പ്രണയ വിവാഹം ആയിരുന്നു. യുകെയിൽ നിന്നും ഒരു ഓഫർ വന്നപ്പോൾ എന്നോടും പോരുന്നോ എന്ന് ചോദിച്ചു. പുള്ളിക്കാരിയുടെ കരിയർ കോംപ്രമെെസ് ചെയ്യുന്ന ഒന്നും ഞാൻ എന്റെ ജീവിതത്തിൽ എടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. അവളെ സപ്പോർട്ട് ചെയ്യുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യം. എന്റെ സ്വപ്നങ്ങളും പാഷനും കരിയറും തൽക്കാലത്തേക്ക് മാറ്റി നിർത്തി. അവളെ സപ്പോർട്ട് ചെയ്യാൻ കൂടെപ്പോയി. ഭാര്യ ഇവിടെ വർക്ക് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഞാനും അവളും കുഞ്ഞും ഒരു കുടക്കീഴിൽ ജീവിക്കാൻ തുടങ്ങിയത്.
പേയ്മെന്റ് ഇപ്പോഴും പെൻഡിംഗാണ്
രണ്ട് ഹോസ്പിറ്റലുകളിൽ പുള്ളിക്കാരി വർക്ക് ചെയ്യുന്നു. ഷൂട്ടും കാര്യങ്ങളുമായി ഞാനും പോകുന്നു. ജീവിതം സ്മൂത്ത് ആയിരുന്നില്ല. ഇതിനിടെ, രണ്ടാമത്തെ കുഞ്ഞ് പിറന്നു. കുഞ്ഞിനെ നോക്കാനും ഞാൻ എന്റെ കരിയർ മാറ്റിവെച്ചു. കരിയർ ഭാര്യക്ക് വേണ്ടി മാറ്റി വെക്കണോ എന്നാണ് കുറേ പേർ ചോദിച്ചത്. സിനിമയാണ്, പാഷനാണ് എന്നൊക്കെ പറഞ്ഞാലും ഇതെല്ലാം കഴിഞ്ഞ് ചെല്ലുന്നത് കുടുംബത്തിലേക്കാണ്. നമ്മൾ മോണിറ്ററി ബെനിഫിറ്റ് ഉണ്ടാക്കുന്നതിൽ സന്തോഷമൊക്കെയുണ്ട്. പക്ഷെ ഞാനൊക്കെ വർക്ക് ചെയ്യുന്ന സമയത്ത് കാശിന് പത്ത് തവണ വിളിച്ചാലേ പേയ്മെന്റ് കിട്ടൂ. ആറോ ഏഴോ പ്രൊജക്ടുകളുടെ പേയ്മെന്റ് ഇപ്പോഴും പെൻഡിംഗാണ്'', സീരിയൽ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ അംബരീഷ് പറഞ്ഞു.


