ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ട്രെയ്‍ലറിന് വലിയ പ്രേക്ഷകപ്രീതിയാണ് ലഭിച്ചത്.

പ്രഭുദേവ (Prabhu Deva) ഒരു ഭൂതത്തിന്‍റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് മൈ ഡിയര്‍ ഭൂതം. ഫാന്‍റസി കോമഡി എന്‍റര്‍ടെയ്‍‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കുട്ടികള്‍ക്ക് പ്രിയങ്കരനായ ഭൂതത്തിന്‍റെ രസകരമായ കുസൃതികളാണ് ഗാനരംഗങ്ങള്‍ നിറയെ. അബാക്ക ഡര്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് യുഗഭാരതിയാണ്. ഡി ഇമ്മന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആദിത്യ സുരേഷും സഹാനയും ചേര്‍ന്നാണ്.

ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ട്രെയ്‍ലറിന് വലിയ പ്രേക്ഷകപ്രീതിയാണ് ലഭിച്ചത്. 45 ലക്ഷത്തിലധികം കാഴ്ചകള്‍ യുട്യൂബില്‍ ട്രെയ്‍ലര്‍ ഇതിനകം നേടിയിട്ടുണ്ട്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു ഫാൻ്റസി ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാരുടെ സാക്ഷ്യം. രമ്യ നമ്പീശനാണ് നായികയായി എത്തുന്നത്. പ്രഭുദേവക്കൊപ്പം അശ്വന്ത് കുമാർ എന്ന ബാലതാരവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിൽ ഭൂതമാവുന്നതിനായി പ്രഭുദേവ നടത്തിയ മേക്കോവര്‍ ശ്രദ്ധ നേടിയിരുന്നു. താടി എടുത്തും തല മുണ്ഡനം ചെയ്തും ഒട്ടേറേ ഗൃഹപാഠങ്ങൾ ചെയ്‍തുമൊക്കെയാണ് അദ്ദേഹം ഈ കഥാപാത്രത്തിലേക്ക് പ്രവേശിച്ചത്.

തമിഴിലും തെലുങ്കിലുമായി ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള യുവ സംവിധായകൻ എൻ രാഘവനാണ് മൈ ഡിയർ ഭൂതത്തിൻ്റെ രചയിതാവും സംവിധായകനും. സുരേഷ് മേനോൻ, ബിഗ് ബോസ് ഫെയിം സംയുക്ത, ഇമാൻ അണ്ണാച്ചി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. യു കെ സെന്തിൽ കുമാറാണ് ഛായാഗ്രാഹകന്‍. മലയാളത്തിൽ മോഹൻലാലിൻ്റെ റാം, റഹ്‍മാന്‍റെ എതിരെ എന്നീ സിനിമകൾ നിർമ്മിക്കുന്ന അഭിഷേക് ഫിലിംസിൻ്റെ ബാനറിൽ രമേഷ് പി പിള്ളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. ജൂലൈ 15ന് മുരളി സിൽവർ സ്ക്രീൻ പിക്ചേർസ് കേരളത്തിൽ റിലീസ് ചെയ്യും.

My Dear Bootham - Official Trailer | Prabhudeva, Ramya Nambessan | N Ragavan | D.Imman

ALSO READ : 'ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ', 'എലോൺ' തിയറ്റര്‍ റിലീസ് പറ്റില്ലെന്ന് ഷാജി കൈലാസ്