സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്‍തത്

തിരുച്ചിദ്രമ്പലം നേടിയ വലിയ വിജയത്തിനു ശേഷം ധനുഷിന്‍റേതായി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു നാനേ വരുവേന്‍. 11 വര്‍ഷത്തിനു ശേഷം സഹോദരന്‍ സെല്‍വരാഘവന്‍റെ സംവിധാനത്തില്‍ ധനുഷ് നായകനാവുന്ന ചിത്രം എന്നതു തന്നെയായിരുന്നു ചിത്രത്തിന്‍റെ യുഎസ്പി. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ കഥ ധനുഷിന്‍റേതാണ്. തിരക്കഥ ഒരുക്കിയത് ധനുഷും സെല്‍വരാഘവനും ചേര്‍ന്ന്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

വീര ശൂര എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സെല്‍വരാഘവന്‍ തന്നെയാണ്. സംഗീതം പകര്‍ന്നതും ആലപിച്ചതും യുവന്‍ ശങ്കര്‍ രാജ. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപുലി എസ് താണു നിര്‍മ്മിച്ച ചിത്രത്തില്‍ ധനുഷിന്‍റെ നായികയായത് ഇന്ദുജയാണ്. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍, എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ഒരു നടന്‍ എന്ന നിലയില്‍ ധനുഷിന്‍റെ വളര്‍ച്ചയ്ക്ക് സംവിധായകന്‍ എന്ന നിലയില്‍ വലിയ പിന്തുണ നല്‍കിയ ആളാണ് സഹോദരന്‍ സെല്‍വരാഘവന്‍. 2011ല്‍ പുറത്തെത്തിയ മ്യൂസിക്കല്‍ ഡ്രാമ 'മയക്കം എന്ന'യാണ് ഇരുവരും അവസാനമായി ഒരുമിച്ച ചിത്രം. 

ALSO READ : 9 വര്‍ഷത്തിനു ശേഷം ബോക്സ് ഓഫീസില്‍ അജിത്ത്, വിജയ് മത്സരം; 'വരിശും' 'തുനിവും' ഒരേ ദിവസം

ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം തിരുച്ചിദ്രമ്പലം മിത്രൻ ജവഹര്‍ ആണ് സംവിധാനം ചെയ്‍തത്. തിരക്കഥയും മിത്രൻ ജവഹറിന്റേതാണ്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ച ചിത്രമായി മാറി ഇത്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് ആയിരുന്നു വിതരണം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രസന്ന ജി കെ ചിത്രസംയോജനവും ഓം പ്രകാശ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചു.

Veera Soora - Video Song | Naane Varuvean | Dhanush | Selvaraghavan | Yuvan Shankar Raja