Asianet News MalayalamAsianet News Malayalam

59 വര്‍ഷത്തിനു ശേഷം ആ അനശ്വര ഗാനത്തിന് പുനരാവിഷ്‍കാരം; 'നീലവെളിച്ചം' വീഡിയോ സോംഗ്

ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌കാരം വരുന്നത്

neelavelicham video song Anuraga Madhuchashakam rima kallingal roshan mathew aashiq abu
Author
First Published Jan 18, 2023, 11:27 AM IST

വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. അനുരാഗമധുചഷകം പോലെ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഇതേ കഥയെ ആസ്പദമാക്കി എ വിന്‍സെന്‍റിന്‍റെ സംവിധാനത്തില്‍ 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനമാണ് നീലവെളിച്ചത്തിനുവേണ്ടി പുനരാവിഷ്കരിച്ചിരിക്കുന്നത്. പി ഭാസ്കരന്‍റെ വരികള്‍ക്ക് എം എസ് ബാബുരാജ് ഈണം പകര്‍ന്ന ഒറിജിനല്‍ ഗാനം പുനരാവിഷ്കരിച്ചിരിക്കുന്നത് ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ്. എസ് ജാനകി ആലപിച്ച ആദ്യ ഗാനത്തിന്റെ പുതിയ രൂപം കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രിയ അഭിനേയത്രിമാരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് ഗാനം പുറത്തിറക്കിയത്. ചിത്രത്തിലെ നായികയായ റിമ കല്ലിങ്കലിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ഗാനം പുറത്തെത്തിയിരിക്കുന്നത്. 

നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം വരുന്നത്. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാര്‍ഗവീനിലയത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി ജെ ആന്റണി എന്നിവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെയാണ് യഥാക്രമം ടൊവിനോ തോമസ്, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം കുതിരവട്ടം പപ്പു ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാര്‍ഗവിനിലയം. ഭാര്‍ഗവീനിലയത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ  നീലവെളിച്ചത്തില്‍ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്.

ALSO READ : ഇന്ത്യയിലെ ഐമാക്സ് സ്ക്രീനുകളില്‍ നിന്ന് പണം വാരി 'അവതാര്‍ 2'; 23 സ്ക്രീനുകളില്‍ നിന്ന് ഇതുവരെ നേടിയത്

ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാല്‍. അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയ, ജയരാജ് കോഴിക്കോട്, ഉമ കെ പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നിം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നത്.

ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിംഗ് വി സാജനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, നിക്‌സണ്‍ ജോര്‍ജ്, സഹ സംവിധാനം ഹരീഷ് തെക്കേപ്പാട്ട്, ബിബിന്‍ രവീന്ദ്രന്‍, സംഘട്ടനം സുപ്രീം സുന്ദര്‍, നൃത്ത സംവിധാനം ഡോ. ശ്രീജിത്ത് ഡാന്‍സിറ്റി. പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്. പരസ്യകല യെല്ലോ ടൂത്ത്.

Follow Us:
Download App:
  • android
  • ios