കോഴിക്കോട് സാമൂതിരിയുടെ രാജസദസ്സില്‍ ആലപിക്കപ്പെടുന്ന കീര്‍ത്തനമായാണ് ഗാനചിത്രീകരണം

കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ കഥ പറയുന്ന പ്രിയദര്‍ശന്‍ ചിത്രം 'മരക്കാറി'ലെ പുതിയ ഗാനം (Marakkar Song) പുറത്തെത്തി. നെടുമുടി വേണു അവതരിപ്പിക്കുന്ന കോഴിക്കോട് സാമൂതിരിയുടെ രാജസദസ്സില്‍ ആലപിക്കപ്പെടുന്ന കീര്‍ത്തനത്തിന്‍റെ രൂപത്തിലാണ് ഗാനത്തിന്‍റെ ചിത്രീകരണം. ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. നീയേ എന്‍ തായേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് റോണി റാഫേല്‍. ഹരിശങ്കറും രേഷ്‍മ രാഘവേന്ദ്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായ മരക്കാര്‍ ഡിസംബര്‍ 2നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുക. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് അനിശ്ചിതമായി നീണ്ടുപോയ ചിത്രം അവസാനം തിയറ്ററുകളില്‍ തന്നെ കാണാനാവുന്നതിന്‍റെ ആവേശത്തിലാണ് മോഹന്‍ലാല്‍ (Mohanlal) ആരാധകര്‍. പ്രിയദര്‍ശന്‍റെയും (Priyadarshan) മോഹന്‍ലാലിന്‍റെയും സ്വപ്‍ന പ്രോജക്റ്റുമാണ് ഇത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ആദ്യം ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ ഇടപെടലിനും നീണ്ട ചര്‍ച്ചകള്‍ക്കും ചിത്രം തിയറ്ററുകളില്‍ത്തന്നെ എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. റോയ് സിജെ, സന്തോഷ് ടി കുരുവിള എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

വന്‍ കാന്‍വാസില്‍ ഒരുങ്ങിയിരിക്കുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമ ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് സാബു സിറിള്‍ ആണ്. ഛായാഗ്രഹണം തിരു, എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍. പ്രിയദര്‍ശനൊപ്പം അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍വന്‍ എന്നിങ്ങനെ വലിയ താരനിരയെയാണ് പ്രിയദര്‍ശന്‍ അണിനിരത്തിയിരിക്കുന്നത്. 

YouTube video player