ഡോ: ബി എസ് രാഘവേന്ദ്ര സംവിധാനം ചെയ്‍ത 'പ്രേമം പൂജ്യം' എന്ന ചിത്രത്തിലാണ് ഷഹബാസ് ആലപിച്ച ഗാനമുള്ളത്

വേറിട്ട സ്വരവും ആലാപനവും കൊണ്ട് ഏറെ ആരാധകരെ നേടിയ ഗായകനാണ് ഷഹബാസ് അമന്‍ (Shahabaz Aman). സിനിമയ്ക്കകത്തും പുറത്തുമുള്ള അദ്ദേഹത്തിന്‍റെ നിരവധി ഗാനങ്ങള്‍ സംഗീതപ്രേമികളുടെ ഹിറ്റ് ചാര്‍ട്ടില്‍ എക്കാലവുമുണ്ട്. ഇപ്പോഴിതാ ഭാഷയുടെ അതിര്‍വരമ്പ് കടന്നും ഒരു ഗാനം ആലപിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു കന്നഡ ചലച്ചിത്രത്തിന്‍റെ പിന്നണിയാണ് ഇത്.

ഡോ: ബി എസ് രാഘവേന്ദ്ര സംവിധാനം ചെയ്‍ത 'പ്രേമം പൂജ്യം' എന്ന ചിത്രത്തിലാണ് ഷഹബാസ് ആലപിച്ച ഗാനമുള്ളത്. ഒരു ചലച്ചിത്രത്തിനായി മറ്റൊരു ഭാഷയിലുള്ള ഷഹബാസിന്‍റെ ആദ്യ ആലാപനവുമാണ് ഇത്. 'നിന്നനു ബിട്ടു' എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വരികളും സംഗീത സംവിധാനവും രാഘവേന്ദ്രയുടേതു തന്നെ. കന്നഡ യുവതാരങ്ങളില്‍ ശ്രദ്ധേയനായ പ്രേം നായകനാവുന്ന ചിത്രത്തില്‍ ബൃന്ദ ആചാര്യ, മാസ്റ്റര്‍ ആനന്ദ്, ഐന്ദ്രിത റായ്, മാള്‍വിക അവിനാഷ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം നവീന്‍ കുമാര്‍, എഡിറ്റിംഗ് ഹരീഷ് കൊമ്മെ, ഓഡിയോഗ്രഫി തപസ് നായക്, നൃത്തസംവിധാനം ശാന്തു. രാഘവേന്ദ്രയ്ക്കൊപ്പം രക്ഷിത് കെഡമ്പാടി, രാജ്‍കുമാര്‍ ജാനകിരാമന്‍, മനോജ് കൃഷ്‍ണന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഈ മാസം 29ന് തിയറ്ററുകളിലെത്തും.