നിവിൻ പോളി, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ 'ഒരു കൊച്ചുതണുപ്പ്' എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി.
മലയാള സിനിമാ ചരിത്രത്തിൽ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ നിവിൻ പോളി - ഗിരീഷ് എ.ഡി - മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ പുതിയ ഗാനം റിലീസ് ചെയ്തു. 'ഒരു കൊച്ചുതണുപ്പ്' എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയ ആണ്. വിഷ്ണു വിജയ് തന്നെയാണ് ആലാപനം. ആഗോളതലത്തിൽ 300 കോടി കളക്ഷൻ പിന്നിട്ട ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 28-ാം ദിനത്തിലും നിറഞ്ഞ സദസ്സിൽ 266 തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിലെ ഏറ്റവും വേഗമേറിയ 300 കോടി ചിത്രമെന്ന അപൂർവ്വ നേട്ടവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര-തെലങ്കാന മേഖലകളിലും ജിസിസി രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമാണിത്.
വിഷ്ണു വിജയന്‍റെ വ്യത്യസ്തയാർന്ന സംഗീതവും അജ്‌മൽ സാബുവിന്‍റെ ക്യാമറക്കണ്ണുകളും ആകാശ് ജോസഫ് വർഗ്ഗീസിന്‍റെ കൃത്യതയാർന്ന എഡിറ്റിംഗും സിനിമയ്ക്ക് നൽകിയ മികവ് ചെറുതല്ല. പ്രായഭേദമന്യേ ഏവരും വീണ്ടും തിയേറ്ററുകളിലേക്ക് റീവാച്ചിനായി വരുന്നതിനാൽ തന്നെ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ചിത്രത്തിന്‍റെ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.



