രണ്ട് ഭാഗങ്ങളിലായാണ് ചിത്രത്തിന്‍റെ റിലീസ്

തെന്നിന്ത്യന്‍ സിനിമാപ്രേമികളിലാകെ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ (Allu Arjun) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പുഷ്‍പ' (Pushpa). ഫഹദ് ഫാസിലിന്‍റെ (Fahadh Faasil) തെലുങ്കിലെ അരങ്ങേറ്റചിത്രം എന്നതാണ് മലയാളി സിനിമാപ്രേമികള്‍ക്ക് ഈ പ്രോജക്റ്റില്‍ അധിക താല്‍പര്യം ഉണ്ടാക്കുന്ന ഘടകം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്. 'ഓ ചൊല്ലുന്നോ മാമ' എന്ന ഗാനം വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. മലയാളം ഗാനം ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശന്‍ (Ramya Nambessan) ആണ്.

സിജു തുറവൂരിന്‍റെ വരികള്‍ക്ക് പ്രശസ്‍ത സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് രശ്‍മിക മന്ദാനയാണ്. ഛായാഗ്രഹണം മിറോസ്ലാവ് ക്യൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളിലും റിലീസ് ചെയ്യപ്പെടുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുക. ആദ്യ ഭാഗം ഡിസംബര്‍ 17ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.