മായാനദിക്കും സുഡാനി ഫ്രം നൈജീരിയയ്ക്കും ശേഷം ഷബഹാസ് അമനും റെക്സ് വിജയനും ആദ്യമായി ഒന്നിക്കുന്നു.

മലയാളസിനിമയില്‍ അടുത്തകാലത്ത് വന്ന ശ്രദ്ധേയ പ്രണയഗാനങ്ങളില്‍ മിക്കതും കേട്ടത് ഷഹബാസ് അമന്റെ ശബ്ദത്തിലായിരുന്നു. ഇപ്പോഴിതാ ആ ശ്രേണിയിലേക്ക് ഇടംപിടിക്കാന്‍ പുതിയൊരു ഗാനവും വരുന്നു. നവാഗതനായ അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന 'തമാശ' എന്ന ചിത്രത്തിലെ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. സംഗീതം പകര്‍ന്നിരിക്കുന്നതും ഷഹബാസ് അമനാണ്. അറേഞ്ച് ചെയ്തിരിക്കുന്നത് റെക്‌സ് വിജയനും. മായാനദിക്കും സുഡാനി ഫ്രം നൈജീരിയയ്ക്കും ശേഷം ഇരുവരും ആദ്യമായി ഒന്നിക്കുകയാണ്.

'പാടീ ഞാന്‍' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍ മുഹ്‌സിന്‍ പരാരിയാണ്. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടാണ് നായകന്‍. അധ്യാപകന്റെ റോളിലെത്തുന്ന വിനയ് ഫോര്‍ട്ടും ദിവ്യപ്രഭ പിജിയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രം ഈദിന് തീയേറ്ററുകളിലെത്തും.