നടൻ വിക്രം അവതരിപ്പിച്ച ആദിത്യ കരികാലൻ എന്ന കഥാപാത്രമാണ് ​ഗാനരം​ഗത്തുള്ളത്.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. രണ്ട് ഭാ​ഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാ​ഗം സെപ്റ്റംബറിൽ ആണ് തിയറ്ററുകളിൽ എത്തിയത്. റിലീസായി ഒരുമാസത്തോട് അടുക്കുമ്പോൾ പ്രേക്ഷകരിൽ ആവേശം കുറയാതെ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുക ആണ് ചിത്രം. കേരളത്തിൽ അടക്കം പണംവാരി പടമായി പൊന്നിയിൻ സെൽവൻ മാറികഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

നടൻ വിക്രം അവതരിപ്പിച്ച ആദിത്യ കരികാലൻ എന്ന കഥാപാത്രമാണ് ​ഗാനരം​ഗത്തുള്ളത്. എ ആർ റഹ്മാന്റെ മറ്റൊരു മാജിക് ആണ് ഈ ​ഗാനം എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. സത്യപ്രകാശ്, വിഎം മഹാലിംഗം, നകുൽ അഭ്യങ്കർ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണന്റേതാണ് വരികൾ. 

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. വിക്രം, കാർത്തി, ജയം രവി, ശരത്കുമാർ, റഹ്മാൻ, ജയറാം, ബാബു ആൻ്റണി, ലാൽ, പ്രകാശ് രാജ്, അശ്വിൻ കകുമനു,പ്രഭു, വിക്രം പ്രഭു പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങിയവർ ഉൾപ്പെടെ വൻ താര നിരയാണ് ചിത്രത്തിൽ അണിനിരന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിൽ പൊന്നിയിൻ സെൽവൻ-1 റിലീസ് ചെയ്തിരുന്നു. 

Chola Chola - Full Video | Ponniyin Selvan - 1 | Tamil | Vikram | AR Rahman | Sathya Prakash

റിലീസ് ചെയ്ത് പതിനൊന്ന് ദിവസത്തിനുള്ളിൽ ചിത്രം 400 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. കേരളത്തിൽ മാത്രം 21 കോടിയിലേറെയാണ് ചിത്രം സ്വന്തമാക്കിയത്. തമിഴ്നാട്ടിലും പണംവാരി പടമായി ചിത്രം മാറി. രണ്ടാഴ്ച കൊണ്ട് 183 കോടിയാണ് ചിത്രം തമിഴ്നാട്ടില്‍ നിന്നുമാത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. നിലവിൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. 

വാടക ഗര്‍ഭധാരണം; ആവശ്യമെങ്കില്‍ നയന്‍താരയെയും വിഘ്നേഷിനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ്