ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ഭ്രമയുഗം

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഭ്രമയുഗത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. പൂമണി മാളിക എന്ന് തുടങ്ങുന്ന ശ്രദ്ധേയ ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തെത്തിയത്. അമ്മു മരിയ അലക്സ് എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ക്രിസ്റ്റോ സേവ്യര്‍ ആണ്. അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്ന പാണന്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കൊടുമണ്‍ പോറ്റിയുടെ ആവശ്യപ്രകാരം ആലപിക്കുന്ന പ്രകാരമാണ് ചിത്രത്തില്‍ ഈ ഗാനത്തിന്‍റെ കടന്നുവരവ്.

ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ഭ്രമയുഗം. നേരത്തെ ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു ഭ്രമയുഗം. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ഹൊറര്‍ ത്രില്ലര്‍ എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച അഭിപ്രായം നേടാനായതോടെ ബോക്സ് ഓഫീസിലും വലിയ വിജയമായി. നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ചിത്രം 60 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയെയും അര്‍ജുന്‍ അശോകനെയും കൂടാതെ സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൊടുമണ്‍ പോറ്റിയെന്ന കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. സംവിധാനത്തിനും അഭിനേതാക്കളുടെ പ്രകടനങ്ങള്‍ക്കുമൊപ്പം ചിത്രത്തിന്‍റെ സംഗീതവും പ്രൊഡക്ഷന്‍ ഡിസൈനിംഗും വലിയ കൈയടി നേടിയിരുന്നു. മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ഭ്രമയുഗം ശ്രദ്ധ നേടിയിരുന്നു. നിലവില്‍ ഒടിടിയിലും ചിത്രം ലഭ്യമാണ്.

ALSO READ : ബൈക്കര്‍ക്ക് 'എകെ'യുടെ ക്ലാസ്; വൈറല്‍ ആയി അജിത്ത് കുമാറിന്‍റെ വീഡിയോ

Poomani Maalika (Video Song) - Bramayugam | Mammootty