കിരൺ ദാസ് സംവിധാനം ചെയ്യുന്ന 'ഉന്മാദം' എന്ന പുതിയ ചിത്രത്തിലെ 'രാവായ്' എന്ന ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി കിരണ്‍ ദാസ് സംവിധാനം ചെയ്ത ഉന്മാദം എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. രാവായ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. മുജീബ് മജീദിന്‍റേതാണ് സംഗീതം. ശക്തിശ്രീ ഗോപാലനും ലാല്‍ കൃഷ്ണയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. എഡിറ്റിംഗ് രംഗത്ത് മുന്‍നിരക്കാരനായ കിരണ്‍ ദാസിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പൊലീസ് യൂണിഫോമിന് ഉള്ളിലെ മനുഷ്യരുടെ വേറിട്ട കഥകള്‍ പറഞ്ഞിട്ടുള്ള ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോമോള്‍ ജോസ് ആണ് ചിത്രത്തിലെ നായിക. പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭം കൂടിയാണ് 'ഉന്മാദം'.

തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ്റേത്. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബുമോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.

മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

Raavai Video Song | Unmadham | Mujeeb Majeed | Kunchacko Boban | Kiran Das | Anwar Ali | Eunoians