'റസ്റ്റ് ഓഫ് ദി ഡെയ്സ്' മ്യൂസിക് വീഡിയോ ഒരു പ്രണയത്തിന്‍റെയും വേർപാടിന്‍റെയും, ഓർമ്മകളുടെയും കഥയാണ് പറയുന്നത്. ഒരു പഴയ ബന്ധത്തെയും വേർപാടിന്‍റെ വേദനയെയും അഭിമുഖീകരിക്കുന്ന നായകന്‍റെ മാനസിക സംഘർഷങ്ങളാണ് വീഡിയോയുടെ പ്രധാന ഇതിവൃത്തം
ലെഫ് II റയട്ട് ബാൻഡിന്റെ 'റസ്റ്റ് ഓഫ് ദി ഡെയ്സ്' എന്ന ഗാനം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നു. മലയാളം ഇൻഡി സംഗീത ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ് ലെഫ് II റയട്ട് (Lef II Riot) ബാൻഡിന്റെ ആദ്യ മ്യൂസിക് വീഡിയോ. ബാംഗർ ഫാം ഫിലിംസ് ആണ് വിഷ്വലിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. 'റസ്റ്റ് ഓഫ് ദി ഡെയ്സ്' എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ, കഥപറച്ചിൽ കൊണ്ടും, അഭിനയം കൊണ്ടും, ദൃശ്യാവിഷ്കാരം കൊണ്ടും ശ്രദ്ധേയമാണ്. മലയാളം കണ്ടന്‍റ് അല്ലാത്തതുകൊണ്ട് ഡിസ്ട്രിബ്യൂഷൻ ചാനലുകളിൽ നിന്ന് വേണ്ടത്ര സ്വീകാര്യത ലഭിക്കാതിരുന്ന മ്യൂസിക് വീഡിയോക്ക് ഇപ്പോൾ വിദേശനാടുകളിൽ നിന്നടക്കം വലിയ സ്വീകാര്യതയാണ് നേടുന്നത്.
'റസ്റ്റ് ഓഫ് ദി ഡെയ്സ്' മ്യൂസിക് വീഡിയോ ഒരു പ്രണയത്തിന്‍റെയും വേർപാടിന്‍റെയും, ഓർമ്മകളുടെയും കഥയാണ് പറയുന്നത്. ഒരു പഴയ ബന്ധത്തെയും വേർപാടിന്‍റെ വേദനയെയും അഭിമുഖീകരിക്കുന്ന നായകന്‍റെ മാനസിക സംഘർഷങ്ങളാണ് വീഡിയോയുടെ പ്രധാന ഇതിവൃത്തം. അവരുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും നായകനുണ്ടാകുന്ന ഏകാന്തതയും നിരാശയും വീഡിയോയിൽ മാറി മാറി കടന്നുവരുന്നു. നായകന്‍റെ ഹൃദയവേദനയും വിരഹവും അതിമനോഹരമായി ഈ ഗാനം ആവിഷ്കരിക്കുന്നു.
അമൽ നീരദ്, ജോബ് കുര്യൻ, റെക്സ് വിജയൻ തുടങ്ങിയവർ അണിയറപ്രവർത്തകരെ പ്രശംസിച്ച് രംഗത്തെത്തി. അതുൽ ഷ്രെ, പ്രിയുഷ പ്രിയദർശിനി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. അരവിന്ദ് ബാബു, ജാക്സൺ സിറിൽ എന്നിവരാണ് സംവിധാനം. അരവിന്ദ് ബാബു, ക്രിസ്റ്റി ആൽബി എന്നിവർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. വിഗ്നേഷ് എ ഭാസ്കർ - ക്രിയേറ്റിവ് ഡയറക്ടർ, തംജീദ് താഹ - എഡിറ്റർ. രൂപക്, ഫ്രെഡി, ഋത്വിക്, ആദർശ്, വിൽഫി തുടങ്ങിയവരാണ് ലെഫ് II റയട്ട് ബാൻഡിന് പിന്നിൽ. മെറ്റൽ സംഗീതവും ദൃശ്യങ്ങളും ഒന്നിക്കുന്ന ഈ മ്യൂസിക് വീഡിയോ ഇപ്പോൾ യൂട്യൂബിൽ 6 ദിവസത്തിനിടെ 14 ലക്ഷത്തിലേറെ വ്യൂസും നേടി കുതിക്കുകയാണ്.



