സുഷിന്‍ ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്

മലയാള സിനിമയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ഒരു നവാഗത സംവിധായകന് അവകാശപ്പെട്ടതാണ്. സൌബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചമാണ് ആ ചിത്രം. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 3 ന് ആയിരുന്നു. റിലീസ് ദിനം മുതല്‍ മികച്ച പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടുന്ന ചിത്രത്തിന് മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും നിറയെ ഹൌസ്‍ഫുള്‍ ഷോകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റില്‍ ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

വരികള്‍ ഇല്ലാതെ ട്രാക്ക് മാത്രമാണ് ചിത്രത്തിന്‍റെ ബിഗിനിംഗ് ടൈറ്റില്‍ സമയത്ത് ഉള്ളത്. സുഷിന്‍ ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ സുഹൃത്തുക്കള്‍ താമസിക്കുന്ന വീട്ടില്‍ അവരെ ഈ ഗാനത്തിലൂടെത്തന്നെ പരിചയപ്പെടുത്തുന്നുണ്ട് സംവിധായകന്‍. ഒരു ഡാന്‍സ് പാര്‍ട്ടി എന്ന രീതിയിലാണ് ഈ ട്രാക്കിന്‍റെ ദൃശ്യവല്‍ക്കരണം. ഫെബ്രുവരി 3 ന് കേരളത്തിലെ 146 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ 10 ദിനങ്ങളില്‍ നിന്ന് കേരളത്തില്‍ നിന്ന് മാത്രം ചിത്രം 14.5 കോടി മുതല്‍ 20 കോടി വരെ ചിത്രം നേടിയെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചിരുന്നു.

ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ടൊരു ചിത്രം ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ നിന്ന് എത്തുന്നത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. സൌബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ്. 

ALSO READ : 'ചതുരം' ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

Romancham - Title Track | Sushin Shyam| Johnpaul George Productions| Jithu Madhavan