കെ ജെ യേശുദാസും ഫാ. പോളും 100 വൈദികരും 100 കന്യാസ്ത്രീകളും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം

തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറിൽ പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കലും മൂന്ന് തവണ ഗ്രാമി അവാർഡിൽ പങ്കാളിയായ വയലിൻ വാദകൻ മനോജ് ജോർജും ചേർന്ന് സംഗീതം നൽകിയ ആത്മീയ സംഗീത ആല്‍ബം 'സര്‍വ്വേശ' ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. കെ ജെ യേശുദാസും ഫാ. പോളും 100 വൈദികരും 100 കന്യാസ്ത്രീകളും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

വത്തിക്കാനിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംഗീത സംവിധായകരായ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു സമര്‍പ്പിച്ച ഫലകത്തില്‍ ഒപ്പുവച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശന കര്‍മം നിര്‍വ്വഹിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ സംഗീത ആല്‍ബം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്യുന്നത്. മണ്‍മറഞ്ഞ സംസ്‌കൃത പണ്ഡിതന്‍ പ്രൊഫ. പി സി ദേവസ്യാ രചിച ക്രിസ്തു ഭാഗവതം എന്ന ഗ്രന്ഥത്തിലെ 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന സംസ്‌കൃത ഗീതമാണ് ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്ന് ആല്‍ബമാക്കിയിരിക്കുന്നത്. 

കര്‍ണാടിക് സംഗീതത്തിലെ 'നഠഭൈരവി' രാഗത്തില്‍ പാശ്ചാത്യ സംഗീത സാങ്കേതങ്ങളെ സമഞ്ജസിപ്പിച്ചാണ് ഗാനത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹോളിവുഡിലായിരുന്നു ആൽബത്തിൻ്റെ ചേ൦ബർ ഓര്‍ക്കസ്ട്രേഷൻ. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ മകനും ഗ്രാമി അവാര്‍ഡ് ജേതാവുമായ രാകേഷ് ചൗരസ്യയും ചേര്‍ന്നാണ് ഈ ആല്‍ബത്തിനു പശ്ചാത്തല സംഗീത വാദനം നടത്തിയത്. മൂന്നു തവണ ഗ്രാമി അവാര്‍ഡ് ജേതാവായ റിക്കി കേജ്, അഫ്താബ് ഖാൻ, ഹോളിവുഡിലെ മാറ്റ് ബ്രവുന്‍ലി, ഫ്‌ളോറിഡയിലെ ലുക്ക് ബോലാക്ക്, ഐആര്‍എഎ അവാര്‍ഡ് ജേതാവ് സജി ആര്‍ നായര്‍ എന്നിവര്‍ നയിച്ച സംഘമാണ് ആല്‍ബത്തിന്റെ ശബ്ദലേഖനവും ശബ്ദമിശ്രണവും ചെയ്തത്. തൃശൂരിലെ ചേതന, എറണാകുളത്തെ സിഎസി, മുംബൈയിലെ ഹെഡ് റൂം, ഹോളിവുഡിലെ ദ വില്ലേജ്, ഫ്‌ളോറിഡയിലെ എവര്‍മോര്‍ സൗണ്ട് എന്നീ സ്റ്റുഡിയോകളിലായിരുന്നു ശബ്ദമിശ്രണം. അഭിലാഷ് വളാഞ്ചേരി, അമേരിക്കയിലെ ജെയ്സണ്‍ ജോസ്, മെന്‍ഡോസ് ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചത്.

അത്യപൂർവങ്ങളായ ഒട്ടേറെ സവിശേഷതകളുമായി പുറത്തിറങ്ങിയ ഈ സ൦ഗീത ആൽബ൦ സാമൂഹ്യ മാധ്യമങ്ങളിൽ തര൦ഗമായിരിക്കുകയാണ്. ഈ അപൂവ്വ സംഗീത നിർമിതിയിൽനിന്നുള്ള വരുമാന൦ തൃശൂർ ചേതന ഗാനാശ്രമത്തിലെ ഭിന്നശേഷി കുട്ടികളുടെ മസ്തിഷ്ക വികസനത്തിനുള്ള ന്യൂറോളജിക് മ്യൂസിക് തെറാപ്പിക്കായാണ് വിനിയോഗിക്കുക.

ALSO READ : കോമഡി ത്രില്ലറുമായി ഇന്ദ്രജിത്ത്; 'ഞാന്‍ കണ്ടതാ സാറേ' ട്രെയ്‍ലര്‍ എത്തി

SARVESA - K. J. Yesudas, Fr. Paul Poovathingal, Manoj George, Ricky Kej, Los Angeles Orchestra