'ആവേശം' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ തമിഴ് ചിത്രമാണ് 'സീന്‍'.

സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രം. മലയാളികളെ സംബന്ധിച്ച് സീന്‍ എന്ന ചിത്രത്തിന് കാത്തിരിപ്പ് ഉയര്‍ത്തുന്ന പ്രധാന ഘടകം അതാണ്. എന്നാല്‍ ആവേശം ഒരുക്കിയ ജിത്തു മാധവന്‍റെ അടുത്ത ചിത്രം എന്ന നിലയില്‍ തെന്നിന്ത്യ മുഴുവനും ഈ ചിത്രത്തിന് ഹൈപ്പ് ഉണ്ട്. ഭാഷാഭേദമന്യെ പ്രേക്ഷകര്‍ക്കിടയില്‍ അത്രത്തോളം ഓളമുണ്ടാക്കിയ ചിത്രമായിരുന്നു ആവേശം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. സുഷിന്‍ ശ്യാമിന്‍റെ തമിഴ് സിനിമാ അരങ്ങേറ്റം കൂടിയാണ് സീന്‍. ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്നാണ് ഇതും. ടൈറ്റില്‍ ടീസറിന് സുഷിന്‍ നല്‍കിയ സം​ഗീതവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ട്രാക്ക് മാത്രമായി സുഷിന്‍ തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തതും ധാരാളം ആസ്വാദകരെ നേടുന്നുണ്ട്.

സീനുക്കെ സീന്‍ എന്ന ട്രാക്കിന് ഇതുവരെ 6 ലക്ഷത്തിലധികം കാഴ്ചകളാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റിൽ ടീസറും സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റ് ആണ്. റിലീസ് ചെയ്ത് ഇതിനോടകം 15 മില്യണില്‍ അധികം കാഴ്ചക്കാരെയാണ് ടീസർ നേടിയെടുത്തത്. സഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ഈ ആക്ഷൻ കോമഡി എന്റർടൈനര്‍ ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് ജയശ്രീ ദാമോദരൻ. 2026 നവംബർ 6 ന് ദീപാവലി റിലീസായി ആഗോള തലത്തിൽ ചിത്രം തിയേറ്ററുകളിലെത്തും. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക നസ്രിയ നസിം ആണ്.

കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഇതിലൂടെ ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമാക്കിയാണ് സൂര്യ എത്തുന്നത്. ഇപ്പോൾ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് സീൻ. ടീസറിലെ സുഷിൻ്റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Scenuke Scene (From "Scene")