Asianet News MalayalamAsianet News Malayalam

വേറിട്ട ഗെറ്റപ്പില്‍ ഷമ്മി തിലകന്‍; 'പാല്‍തു ജാന്‍വറി'ലെ പാട്ടെത്തി

സെപ്റ്റംബര്‍ 2 ന് തിയറ്ററുകളില്‍

shammy thilakan in Palthu Janwar basil joseph dileesh pothan Syam Pushkaran Fahadh Faasil
Author
First Published Aug 29, 2022, 6:03 PM IST

ഷമ്മി തിലകന് സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത വേഷമായിരുന്നു സുരേഷ് ഗോപി നായകനായ പാപ്പനിലെ കഥാപാത്രം. ഇരുട്ടന്‍ ചാക്കോ എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്. ഇപ്പോഴിതാ ഓണം റിലീസ് ആയി തിയറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രത്തിലും അദ്ദേഹത്തിന് പ്രാധാന്യമുള്ള കഥാപാത്രമുണ്ട്. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ പാല്‍തു ജാന്‍വറിലാണ് ഈ വേഷം. ഇതുവരെ കാണാത്ത രീതിയില്‍ മൊട്ടയടിച്ച ഗെറ്റപ്പിലാണ് ഷമ്മി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ലിറിക് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.  അമ്പിളി രാവും എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. പാടിയിരിക്കുന്നത് അരുണ്‍ അശോക്.

ബേസില്‍ ജോസഫിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാല്‍തു ജാന്‍വര്‍. അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സംഗീത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ്. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണ് പാല്‍തു ജാന്‍വര്‍. ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ALSO READ : 'ഡോക്ടറി'നും മേലെ 'ഡോണ്‍'; ശിവകാര്‍ത്തികേയന്‍റെ കരിയര്‍ ബെസ്റ്റ് ബോക്സ് ഓഫീസ്

രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ജോജിയുടെയും സംഗീത സംവിധാനം ജസ്റ്റിന്‍ ആയിരുന്നു. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൌണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്. സെപ്റ്റംബര്‍ 2 ന് തിയറ്ററുകളിലെത്തും.

Follow Us:
Download App:
  • android
  • ios