പിണറായി സർക്കാരിന്റെ കാലത്ത് സസ്പെൻഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെ തിരിച്ചെടുത്തതിൽ ജി. വേണുഗോപാൽ പ്രതികരിച്ചു. പിന്നാലെ പോസ്റ്റ് വേണുഗോപാല്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

പിണറായി സർക്കാറിന്‍റെ കാലത്ത് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥനായ എൻ പ്രശാന്തിനെ തിരിച്ചെടുത്തതിൽ പ്രതികരണവുമായി ​ഗായകൻ ജി വേണു​ഗോപാൽ. കേരളക്കര കണ്ടിട്ടുള്ള സസ്പെൻഷൻ റിക്കാർഡുകളും സസ്പെൻഷൻ കാലാവധിയുമെല്ലാം ഭേദിച്ച് രണ്ട് വർഷത്തിന് ശേഷം പ്രശാന്ത് വീണ്ടും സർവ്വീസിൽ തിരിച്ച് കയറുമ്പോൾ അത് പ്രശാന്തിൻ്റെ വ്യക്തിപരമായ വിജയത്തോടൊപ്പം മാറി വന്ന ഭരണകൂടത്തിൻ്റെ ഇച്ഛാശക്തി കൂടിയായി കണക്കാക്കാമെന്ന് വേ​ണു​ഗോപാൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിണറായി വിജയനെ കുടമൺ പോറ്റി എന്ന് വിശേഷിപ്പിച്ച വേണു​ഗോപാൽ, തൻ്റെ കാലം കഴിഞ്ഞേ ആ രണ്ട് എരണം കെട്ടവന്മാരേയും സ്കൂളിൻ്റെ പടി കയറ്റാവൂ എന്നായിരുന്നു ഹെഡ് മാസ്റ്ററായ പോറ്റിയുടെ ആ​ഗ്രഹമെന്നും എന്നാൽ കറുത്ത ആട്ടിൻ കുട്ടികൾ രണ്ടും സ്കൂൾ റീ ഓപ്പണിങ്ങ് സമയം തന്നെ കേറിപ്പറ്റിയെന്നും പറഞ്ഞു. ഉച്ചാടനത്തിൻ്റെ പുതിയ പാഠങ്ങൾ പോറ്റിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും പരിഹാസരൂപേണ വേണു​ഗോപാൽ പറഞ്ഞു. പിന്നാലെ പോസ്റ്റ് വേണുഗോപാല്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. 

ജി വേണു​ഗോപാലിന്റെ വാക്കുകൾ ഇങ്ങനെ

അങ്ങനെ ഇതുവരെ കേരളക്കര കണ്ടിട്ടുള്ള സസ്പെൻഷൻ റിക്കാർഡുകളും സസ്പെൻഷൻ കാലാവധിയുമെല്ലാം ഭേദിച്ച് രണ്ട് വർഷത്തിന് ശേഷം പ്രശാന്ത് വീണ്ടും സർവ്വീസിൽ തിരിച്ച് കയറുമ്പോൾ അത് പ്രശാന്തിൻ്റെ വ്യക്തിപരമായ വിജയത്തോടൊപ്പം മാറി വന്ന ഭരണകൂടത്തിൻ്റെ ഇച്ഛാശക്തി കൂടിയായി കണക്കാക്കാം. ഇക്കാലയളവിലെല്ലാം പ്രശാന്ത് നിരന്തരം താൻ നേരിട്ട അനീതികൾ, ഭരണകൂടത്തിൻ്റെ കൊള്ളരുതായ്മകൾ, മേലധികാരികളുടെ കൊള്ള, എന്നിവ ഒരു ഡോക്ടർ രോഗിയോടെന്ന പോലെ, തരിമ്പും തള്ളലില്ലാതെ, അളന്നു മുറിച്ച വാക്കുകളാൽ, അനസ്യൂതം സോഷ്യൽ മീഡിയയിലൂടെ എയ്തു കൊണ്ടിരുന്നു. System Out Completely എന്ന തൻ്റെ പുസ്തകം വിൽപ്പനയിൽ റിക്കാർഡുകൾ ഭേദിക്കുകയും പൊതുജനാഭിപ്രായത്തിൽ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്യുമ്പോഴും അങ്ങേയറ്റം ശാന്തസ്വരൂപിയായ്, ഏറ്റവും വലിയ വിവാദം ഉണ്ടാക്കാൻ നോക്കുന്ന ചാനൽ അഭിമുഖക്കാർക്ക് മുന്നിൽ ഒരു മഹർഷിവര്യൻ്റെ ഏകാഗ്രതയോടെയും സമചിത്തതയോടെയും സ്വന്തം വാദമുഖങ്ങൾ അവതരിപ്പിക്കുകയായിരുന്നു അയാൾ. ഓരോ ദിനവും പ്രശാന്ത് മര്യാദരാമനായ് മേലധികാരിയുടെ കള്ളങ്ങൾ പൊളിച്ചടുക്കുമ്പോൾ, കോപത്താൽ അന്ധനും ബന്ധനസ്ഥനുമായ അധികാരി തലങ്ങും വിലങ്ങും ഉറുമി വീശി തന്നെത്തന്നെ മുറിപ്പെടുത്തുന്നുണ്ടായിരുന്നു. "No War is won with one battle " എന്ന ഒരു പഴയ നെപ്പോളിയൻ യുദ്ധതന്ത്രം ഇവിടെ മറ്റൊരു യുദ്ധമേഖലയിൽ പ്രാവർത്തികമാകുന്നത് നമ്മൾ കണ്ടു.

മാടമ്പളളി തറവാട്ട് സ്കൂളാണ് സർക്കാർ എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഹെഡ് മാസ്റ്റർ കുടമൺ പോറ്റിയുടെ ആഗ്രഹം ഒന്ന് മാത്രമായിരുന്നു. തൻ്റെ കാലം കഴിഞ്ഞേ ആ രണ്ട് എരണം കെട്ടവന്മാരേയും സ്കൂളിൻ്റെ പടി കയറ്റാവൂ! പക്ഷേ കറുത്ത ആട്ടിൻ കുട്ടികൾ രണ്ടും സ്കൂൾ റീ ഓപ്പണിങ്ങ് സമയം തന്നെ കേറിപ്പറ്റി. സ്ലേറ്റും പെൻസിലും കയ്യിൽ കിട്ടിക്കഴിഞ്ഞാൽ അവന്മാർ എഴുതിത്തുടങ്ങും. രണ്ടിനും നന്നായി എഴുതാനുമറിയാം! ഉച്ചാടനത്തിൻ്റെ പുതിയ പാഠങ്ങൾ പോറ്റിയും പഠിക്കേണ്ടിയിരിക്കുന്നു!

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming