'പഴയ എന്‍റെ രൂപവും, മെലോ ഡ്രാമാ അഭിനയവും കാണുമ്പോൾ ചിരി സഹിക്കുന്നില്ല. ഒരൽപ്പം നൃത്തച്ചുവട് വയ്ക്കേണ്ട കാരക്ടറായി അഭിനയിക്കാൻ അന്ന് ഒൻപതിൽ പഠിക്കുന്നൊരു കുട്ടി വന്നു. ദിവ്യ ഉണ്ണി..'

ലോക്ക് ഡൗണില്‍ ഫോട്ടോഗ്രാഫുകളായും വീഡിയോകളായും പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുന്നവരില്‍ സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ ഇല്ല. ഇപ്പോഴിതാ 25 വര്‍ഷം മുന്‍പ് താന്‍ പാടി അഭിനയിച്ച ഒരു വീഡിയോ ഗാനം ആസ്വാദകരുമായി പങ്കുവച്ചിരിക്കുകയാണ് ഗായകന്‍ ജി വേണുഗോപാല്‍. നര്‍ത്തകിയായി നടി ദിവ്യ ഉണ്ണിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ദിവ്യ ഉണ്ണി അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലമാണെന്ന് പറയുന്നു വേണുഗോപാല്‍. ദൂരദര്‍ശനില്‍ ഓണത്തിന് സംപ്രേഷണം ചെയ്‍ത ഗാനമാണിത്.

വേണുഗോപാലിന്‍റെ കുറിപ്പ്

പണ്ടു പണ്ട്, എന്നു വച്ചാൽ കൃത്യം 25 വർഷങ്ങൾക്ക് മുൻപ് ദൂരദർശനും, പിച്ചവെച്ച് തുടങ്ങിയ Asianet ഉം മാത്രമുണ്ടായിരുന്നപ്പോൾ പാടി ഷൂട്ട് ചെയ്ത ഒരു ഓണപ്പാട്ട്. 1995-ൽ. ചെറായിയും മുളന്തുരുത്തിയുമാണ് ലൊക്കേഷൻ. സംവിധാനം - കെ. എസ്. പ്രസാദ്. പഴയ എന്‍റെ രൂപവും, മെലോ ഡ്രാമാ അഭിനയവും കാണുമ്പോൾ ചിരി സഹിക്കുന്നില്ല. ഒരൽപ്പം നൃത്തച്ചുവട് വയ്ക്കേണ്ട കാരക്ടറായി അഭിനയിക്കാൻ അന്ന് ഒൻപതിൽ പഠിക്കുന്നൊരു കുട്ടി വന്നു. ദിവ്യ ഉണ്ണി. ഗാനരചന: മധുസൂദനൻ നായർ.