പ്രമുഖ സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ യുവഗായികയാണ് ഗായത്രി രാജീവ്. ഇപ്പോഴിതാ താന്‍ ഏറെ ആരാധിക്കുന്ന സാക്ഷാല്‍ എ ആര്‍ റഹ്മാനില്‍ നിന്നും ഒരു അംഗീകാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഗായത്രി. താന്‍ നിര്‍മ്മിച്ച് വിശ്വേഷ് കൃഷ്‍ണമൂര്‍ത്തി സംവിധാനം ചെയ്‍ത മ്യൂസിക്കല്‍ റൊമാന്‍സ് ചിത്രം '99 സോംഗ്‍സി'ന്‍റെ പ്രചരണാര്‍ഥം റഹ്മാന്‍ ഗായകര്‍ക്കായി ഒരു മത്സരം നടത്തിയിരുന്നു. '99 സോംഗ്‍സ് കവര്‍ സ്റ്റാര്‍' എന്ന പേരിലായിരുന്നു മത്സരം. '99 സോംഗ്‍സ്' എന്ന ചിത്രത്തിലെ പ്രിയഗാനത്തിന്‍റെ ഒരു കവര്‍ വെര്‍ഷന്‍ പാടി #99SongsCoverStar എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനായിരുന്നു മത്സരം. തെരഞ്ഞെടുക്കപ്പെട്ട ആദ്യ പത്തുപേരില്‍ ഒരാളായതോടെ റഹ്മാനൊപ്പം ഒരു സൂം മീറ്റില്‍ നേരിട്ട് സംവദിക്കാനും ഗായത്രിക്ക് അവസരം ലഭിച്ചു.

അതൊരു സ്വപ്‍നം പോലെയായിരുന്നെന്ന് പറയുന്നു ഗായത്രി. "ആദ്യ പത്തില്‍ ഞങ്ങളുടെ കവര്‍ വെര്‍ഷന്‍ തിരഞ്ഞെടുത്തതിന് ഏറെ നന്ദി സര്‍. അദ്ദേഹവുമൊത്ത് ഒരു സൂം മീറ്റ് എന്നതായിരുന്നു ഏറ്റവും സന്തോഷകരമായ കാര്യം. ശരിക്കും വാക്കുകള്‍ക്കപ്പുറമുള്ള അനുഭവം. എ ആര്‍ റഹ്മാന്‍ എന്ന ഇതിഹാസത്തിനൊപ്പം സംവദിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി", സൂം മീറ്റിംഗിന്‍റെ ഒരു ക്ലിപ്പിംഗിനൊപ്പം ഗായത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

എറണാകുളം കാക്കനാട് സ്വദേശിയായ ഗായത്രി രാജീവ് എം ടെക്ക് വിദ്യാര്‍ഥി കൂടിയാണ്. മുന്‍പ് ശ്രേയ ഘോഷാല്‍ സംഘടിപ്പിച്ച മ്യൂസിക് ചലഞ്ചിലും വിജയി ആയിട്ടുണ്ട് ഗായത്രി.