"ആരുടെയും പേര് പറയാന്‍ താൽപര്യമില്ല. പക്ഷെ സങ്കടം ഉണ്ടാക്കിയിട്ടുള്ള ഈഗോ പ്രശ്നങ്ങൾ മറ്റുള്ളവരിൽ നിന്നും നേരിട്ടിട്ടുണ്ട്"

മലയാളിയുടെ ശബ്ദസൌകുമാര്യം കെഎസ് ചിത്ര അറുപതാം വയസിലേക്ക്. കേരളത്തിന്റെ വാനമ്പാടിയായ ചിത്ര ഇന്നും പിന്നണിഗാന രംഗത്തും സ്റ്റേജ് പരിപാടികളിലും സജീവമാണ്. പൊന്നിയിൻ സെൽവൻ, നീലവെളിച്ചം എന്നീ സിനിമകളിൽ അടക്കം ചിത്ര പാടിയ ഗാനങ്ങള്‍ അടുത്തിടെ പോലും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. തമിഴിലും തെലുങ്കിലും ഹിന്ദിയിലും അടക്കം വിവിധ ഭാഷകളിലായി 25,000 ഗാനങ്ങൾ ചിത്ര ആലപിച്ചിട്ടുണ്ട്. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ കരിയറിലെ വിവിധ അനുഭവങ്ങള്‍ ചിത്ര തുറന്നു പറഞ്ഞിരുന്നു.

പിന്നണി ഗാന രംഗത്ത് ഈഗോയുടെ പ്രശ്നങ്ങളുണ്ടെന്നും ചിത്ര പറയുന്നു. ആരുടെയും പേര് പറയാന്‍ താൽപര്യമില്ല. പക്ഷെ സങ്കടം ഉണ്ടാക്കിയിട്ടുള്ള ഈഗോ പ്രശ്നങ്ങൾ മറ്റുള്ളവരിൽ നിന്നും നേരിട്ടിട്ടുണ്ട്. വലിയ ആൾക്കാരുടെ കൂടെയും എന്റെ മുമ്പിൽ പാടി വളർന്നവരുടെ കൂടെയും പാടിയിട്ടുണ്ട്. അവരാരും കാണിക്കാത്ത ഈഗോ ചിലർ കാണിക്കുമ്പോൾ ശരിക്കും അതിശയിച്ചിട്ടുണ്ടെന്ന് ചിത്ര പറയുന്നു. ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്ന് ആ സമയത്ത് ചിന്തിച്ചിട്ടുണ്ട്. അത്തരക്കാരെ മനസ്സിലാക്കി മാറി നിന്നു. പുതിയ ഗായകർ അതിന് ഇരയാകുന്നുണ്ടെന്നും ചിത്ര പറയുന്നു.

അതേ സമയം പിന്നണി ഗാന രംഗത്തെ സ്ത്രീ സുരക്ഷ സംബന്ധിച്ചും ചിത്ര പ്രതികരിച്ചു. എല്ലാ മേഖലയിലെയും പോലെ സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങൾ പിന്നണി ഗാനരംഗത്തുണ്ടെന്ന് ചിത്ര പറയുന്നു. ചില കുട്ടികൾ അവരുടെ അനുഭവം പങ്കുവെക്കാറുണ്ട്. വിവാദമാകുമെന്നതിനാൽ അതേക്കുറിച്ച് പറയാൻ താൽപര്യം ഇല്ലെന്നും ചിത്ര പറയുന്നു. തനിക്ക് അത്തരം അനുഭവങ്ങള്‍ ഇല്ലെന്നും ചിത്ര പറയുന്നു.

അത്തരം കുട്ടികള്‍ക്ക് വ്യക്തിപരമായി ഉപദേശം നല്‍കാറുണ്ടെന്നും ചിത്ര പറയുന്നു. ഈ മേഖലയില്‍ നമ്മുടെ കൂടെ ഒരാൾ ഉത്തരവാദിത്തതോടെ ഉണ്ടാവണം എന്നാണ് തന്‍റെ അഭിപ്രായം എന്ന് ചിത്ര പറയുന്നുണ്ട്. താന്‍ എന്നും അത്തരം ഒരു ആളുടെ ഒപ്പമേ പരിപാടിക്കോ റെക്കോഡിംഗിനോ പോയിട്ടുള്ളൂ. ഇത്രയും പ്രായമായിട്ടും ഒറ്റയ്ക്ക് റെക്കോഡിങ്ങിനോ സ്റ്റുഡിയോയിലോ സ്റ്റേജ് ഷോയ്ക്കോ പോയിട്ടില്ലെന്നും ചിത്ര പറയുന്നു. സൗണ്ട് ചെക്കിന് പോലും തനിയെ പോയിട്ടില്ല. എന്നെ നോക്കുന്ന ഒരാൾ എന്റെ കൂടെ എപ്പോഴും ഉണ്ടാകണം എന്ന് ചിത്ര പറയുന്നു. ഈ കാര്യത്തില്‍ താന്‍ ഒരു പഴയ മനസുകാരിയാണെന്ന് ചിത്ര പറയുന്നു. ആദ്യം എന്റെ അച്ഛന്റെയും പിന്നീട് ഭർത്താവിന്റെയും പിന്തുണയുണ്ടായിരുന്നു. അതാണ് എന്റെ ആത്മവിശ്വാസം എന്ന് ചിത്ര വ്യക്തമാക്കുന്നു.

ALSO READ : "നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പിച്ചയെടുക്കുന്നു": അജയ് ദേവഗണിനോട് തെരുവില്‍ നിന്ന് ഒരു മനുഷ്യന്‍ - വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക