സെപ്റ്റംബര്‍ 30 ന് തിയറ്ററുകളില്‍

തമിഴ് സിനിമയില്‍ നിന്ന് ഇന്ത്യ മുഴുവനുമുള്ള സിനിമാ പ്രേമികള്‍ക്കിടയില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30 ന് ആണ് എത്തുക. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചി‌രിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവരം എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ജയം രവിക്കൊപ്പം വന്‍ താരനിരയും അണിനിരക്കുന്ന ചിത്രത്തില്‍ ഇളയ പിരട്ടി എന്നും വിളിക്കപ്പെടുന്ന കുണ്ഡവൈ എന്ന ചോള രാജകുമാരിയാണ് തൃഷയുടെ കഥാപാത്രം. കാര്‍ത്തി അവതരിപ്പിക്കുന്ന വള്ളവരൈയന്‍റെ കാമുകിയുമാണ് ഈ കഥാപാത്രം. കുണ്ഡവൈയുടെ മനസിലെ പ്രണയം പറയുന്ന ഒരു ഗാനം ചിത്രത്തിലുണ്ട്. കാതോട് സൊല്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കൃതിക നെല്‍സണ്‍ ആണ്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം. രക്ഷിത സുരേഷ് ആണ് ആലപിച്ചിരിക്കുന്നത്. ലിറിക് വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിന്‍ സെല്‍വന്‍റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 2019ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30 ന് ആണ് എത്തുക. കേരളത്തിലെ പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസിനാണ് പിഎസ് 1 ന്‍റെ കേരള ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ്. കേരളത്തിൽ 250 ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുക.

ALSO READ : 'അതിമനോഹരം, വ്യത്യസ്‍തം'; 'കിംഗ് ഫിഷ്' കണ്ട മോഹന്‍ലാല്‍ പറയുന്നു

Sol - Lyric Video | PS1 Tamil | Mani Ratnam | AR Rahman | Subaskaran | Madras Talkies | Lyca