മുംബൈ: ബോളിവുഡിലെ താരറാണിയായി വിലസുന്ന ആലിയ ഭട്ടിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്നു സ്റ്റുഡന്‍റ് ഓഫ് ദ ഇയര്‍. 2012 ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയമാണ് നേടിയത്. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുമ്പോള്‍ ആരാധകര്‍ ത്രില്ലിലാണ്. ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

 

ഹൂക്ക് അപ്പ് എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ തരംഗം തീര്‍ക്കുകയാണ്. മണിക്കൂറുകള്‍ കൊണ്ട് 15 ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗിലും ഗാനം മുന്നിലാണ്. അലിയ ഭട്ടും ടൈഗര്‍ ഷെറോഫും ചേര്‍ന്നുള്ള രംഗങ്ങള്‍ ഗ്ലാമറിന്‍റെ അതിപ്രസരത്താല്‍ സമ്പന്നമാണ്.

പുനീത് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം മേയ് മാസത്തില്‍ റിലീസാകുമെന്നാണ് സൂചന. അനന്യ പാണ്ഡെ, താര സുതാറിയ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. നേരത്തെ ചിത്രത്തിന്‍റെ ട്രൈലറും വലിയ തോതില്‍ ശ്രദ്ധ നേടിയിരുന്നു.