കൊച്ചി: മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയ സംവിധായകരായ സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും യുവനടന്‍ വിനയ് ഫോര്‍ട്ടും ഒരുമിക്കുന്ന ചിത്രമാണ് തമാശ. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായാണ് സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും കൈകോര്‍ക്കുന്നത്. വിനയ് ഫോര്‍ട്ട് നായകനാവുന്ന 'തമാശ'യില്‍ ഛായാഗ്രാഹകന്‍ ഷൈജു ഖാലിദും നടന്‍ ചെമ്പന്‍ വിനോദ് ജോസും അണിനിരക്കുന്നുണ്ട്.

നവാഗതനായ അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സോംഗ് മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ്. പാടി ഞാന്‍ എന്ന് തുടങ്ങുന്ന ഗാനം ഇന്നലെയാണ് പുറത്തുവന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ഷെഹബാസ് അമനും റെക്സ് വിജയനും ചേര്‍ന്നാണ് ഈണം നല്‍കിയിരിക്കുന്നത്.

 

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രമാണ് തമാശ. ഒരു മുതിര്‍ന്ന അധ്യാപകന്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വിനയ് ഫോര്‍ട്ടിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു.