സുരാജും വിനായകനും വേറിട്ട കഥാപാത്രങ്ങളും പ്രകടനവുമായി എത്തിയ ചിത്രം. ഈ മാസം 4 ന് ആയിരുന്നു റിലീസ്

വിനായകന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രേം ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് തെക്ക് വടക്ക്. ഒക്ടോബര്‍ 4 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കല്ലാണോ മണ്ണാണോ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സാം സി എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ ജീമോന്‍ ആണ്.

ചിത്രത്തിലെ സുരാജിന്‍റെയും വിനായകന്‍റെയും പ്രകടനങ്ങള്‍ പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. സുരാജിന്‍റെ അഭിനയ മികവ് ഇപ്പോള്‍ പുറത്തെത്തിയ ഗാനരംഗത്തില്‍ കാണാനാവും. അരിമിൽ ഉടമയായ ശങ്കുണ്ണിയായാണ് സിനിമയിൽ സുരാജ് വേഷമിടുന്നത്. ആദ്യപാതിയിൽ വിനായകനും രണ്ടാം പാതിയിൽ സുരാജും നിറഞ്ഞാടുന്ന സിനിമയാണ് തെക്ക് വടക്ക്. കുടുംബ പ്രേക്ഷകരുടെ സ്വീകാര്യത ലഭിച്ച സിനിമ എസ് ഹരീഷിന്റെ ‘രാത്രികാവൽ’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ്. രണ്ടു ശത്രുക്കളും അവരുടെ വ്യത്യസ്തമായ പകയുമാണ് ചിത്രം പറയുന്നത്. 

ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവ താരനിരയാണ് സിനിമയിൽ ഒന്നിക്കുന്നത്. ഗുരുവായൂരമ്പല നടയിൽ, വാഴ എന്നീ സിനിമകൾക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ജയിലറിനു ശേഷം വലിയ മേക്കോവറോടെയാണ് വിനായകൻ ചിത്രത്തിലെ കഥാപാത്രമായിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ കൂടിയാണ് തെക്ക് വടക്ക്. സിനിമയിൽ റിട്ട. കെഎസ്ഇബി എഞ്ചിനീയറായ മാധവനാണ് വിനായകൻ. കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു.

ALSO READ : ധ്യാനും സണ്ണി വെയ്‌നും ആദ്യമായി ഒരുമിച്ച്; 'ത്രയം' റിലീസ് തീയതി പ്രഖ്യാപിച്ചു

Kallano Mannano | Thekku Vadakku | Suraj Venjaramoodu | Prem Sankar|Sam CS |S.Hareesh |Anjana Philip