വീഡിയോ ഗാനം സംവിധാനം ചെയ്‍തിരിക്കുന്നത് ടി കെ രാജീവ് കുമാര്‍ ആണ്

ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം അറിയിക്കുന്ന ട്രിബ്യൂട്ട് സോംഗുമായി മോഹന്‍ലാല്‍. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഗാനം ഇത്തവണത്തെ വേള്‍ഡ് കപ്പിന്‍റെ വേദിയായ ഖത്തറില്‍ വച്ചാണ് പുറത്തിറക്കിയത്. കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തിന്‍റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലാണ് ഗാനത്തിന്‍റെ ദൃശ്യാഖ്യാനം. ഗാനാലാപത്തിനൊപ്പം ക്യാമറയ്ക്കു മുന്നിലുമുണ്ട് മോഹന്‍ലാല്‍.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന വീഡിയോ ഗാനം സംവിധാനം ചെയ്‍തിരിക്കുന്നത് ടി കെ രാജീവ് കുമാര്‍ ആണ്. കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സൌണ്ട് ഡിസൈനര്‍ പി സി വിഷ്ണു, നൃത്തസംവിധാനം ബൃന്ദ, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ അജയ്.

ALSO READ : സൂപ്പര്‍താര റിലീസുകളുടെ ആധിക്യം; 'ആദിപുരുഷ്' റിലീസ് മാറ്റുന്നു?

ബറോസിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ദൃശ്യത്തോടെയാണ് വീഡിയോ സോംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ജൂലൈ അവസാനം പാക്കപ്പ് ആയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. 3 ഡി ചിത്രം ആയതിനാലും ഫാന്‍റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് ആയിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു.

Tribute To World Cup Football, Qatar 2022 | Mohanlal | Aashirvad Cinemas | TK Rajeev Kumar | Hesham