മികച്ച പ്രതികരണമാണ് സംഗീതപ്രേമികളില്‍ നിന്നും ഗാനത്തിന് ലഭിക്കുന്നത്

ക്രിസ്‍മസിന് ഒരു മാസത്തില്‍ താഴെ അവശേഷിക്കുമ്പോള്‍ മനോഹരമായ ഒരു കരോള്‍ ഗാനവുമായി (Carol Song) എത്തിയിരിക്കുകയാണ് യുകെയില്‍ നിന്നുള്ള മലയാളികള്‍. ജിജു ജി രാജുവും ഭാര്യ ആശ ജിജുവും ചേര്‍ന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സാറ ശരത്ത് ആലപിച്ചിരിക്കുന്ന ഗാനത്തിന്‍റെ ഓര്‍ക്കസ്ട്രയും ശബ്‍ദ മിശ്രണവും സായി ബാലനാണ്. ആശ, സ്റ്റെഫാന്‍, ജിജു, ജ്യോതി എന്നിവരാണ് ഗാനത്തിന്‍റെ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. 

ജോലിക്കിടയിലെ ഒഴിവു സമയം ഉപയോഗപ്പെടുത്തിയാണ് ജിജു വരികൾ എഴുതിയതും ചിട്ടപ്പെടുത്തിയതും. സഹായത്തിനായി ആശയും ജ്യോതിയും ജുവലും ഒപ്പം കൂടിയതോടെ മനോഹരമായ ഒരു കരോൾ ഗാനം പിറവിയെടുക്കുകയായിരുന്നു. യുകെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയിട്ടുള്ള നെപ്ട്യൂണ്‍ മീഡിയ യുട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. റിലീസ് ചെയ്‍ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഗാനത്തിന് സംഗീതപ്രേമികള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.