മുഹഷിൻ സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്‍, ലുക്മാന്‍ അവറാന്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'വള' എന്ന ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു
ധ്യാന്‍ ശ്രീനിവാസന്‍, ലുക്മാന്‍ അവറാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ് വള. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ജൂക്ബോക്സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 10 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് ജൂക്ബോക്സ് എത്തിയിരിക്കുന്നത്.
സ്വർണ്ണത്തേക്കാൾ, വജ്രത്തേക്കാൾ വിലപിടിപ്പുള്ള ഒരു വളയെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്. ചരിത്രത്തിന്റെ രഹസ്യങ്ങൾ നിറഞ്ഞ ആ വള കാലത്തിനപ്പുറം നിന്നും വർത്തമാനത്തിലേക്ക് എത്തി, പലരുടെയും ജീവിതങ്ങളുമായി ചേർന്ന് പോകുന്നതാണ് കഥയുടെ പ്രമേയം. കുടുംബത്തിനാകെ ആസ്വദിക്കാവുന്ന ത്രില്ലിംഗ് ഫൺ എന്റർടെയ്നർ ആയി സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ‘കഠിന കഠോരമീ അണ്ഡകടാഹം’ വഴിയായിരുന്നു മുഹഷിൻ ആദ്യമായി ശ്രദ്ധേയനായത്. രണ്ടാമത്തെ ചിത്രമായ വളയിൽ, അദ്ദേഹം തിരക്കഥാകൃത്തായ ഹർഷദുമായി ( ഉണ്ട, പുഴു) ചേർന്ന്, വിവിധ കാലഘട്ടങ്ങളിൽ പിണഞ്ഞുകിടക്കുന്ന ഒരു കഥയെ പുതുമയാർന്ന ദൃശ്യഭാഷയിലും ആകർഷകമായ രീതിയിലും ആണ് അവതരിപ്പിച്ചിരിക്കുന്നത്. അവതരണത്തിലെ പുതുമ തന്നെയാണ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കുന്നതും.
ധ്യാൻ ശ്രീനിവാസനും ലുക്മാനും സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. രാഷ്ട്രീയക്കാരനായി ധ്യാനും, പൊലീസുകാരനായി ലുക്മാനും മത്സരിച്ചാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. രവീണ രവി ധ്യാനിന്‍റെ ഭാര്യയായും ശീതൾ ജോസഫ് ലുക്മാന്റെ ഭാര്യയായും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിരിക്കുന്നു. വളരെയധികം അഭിനയപ്രാധാന്യം ഉള്ള വേഷങ്ങൾ ആണ് വിജയരാഘവനും ശാന്തികൃഷ്ണയും ചിത്രത്തിൽ ചെയ്തിരിക്കുന്നത്. അബു സലിം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങി നിരവധി താരങ്ങളും തങ്ങളുടെ വേഷങ്ങൾ ഭംഗി ആയി കൈകാര്യം ചെയ്തിട്ടിരിക്കുന്നു.
സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത ശ്രദ്ധേയമായൊരു കഥാപാത്രമായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പതിവ് ക്ലീഷേകളിൽ നിന്നും വ്യത്യസ്തമായൊരു പ്രതിനായക വേഷമാണ് ഗോവിന്ദ് വസന്ത കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ മൂഡിനോട് ചേർന്ന രീതിയിൽ ആണ് അഫ്നാസ് വി യുടെ ഛായാഗ്രഹണവും സിദ്ദിഖ് ഹൈദറിന്റെ എഡിറ്റിംഗും ഗോവിന്ദ് വസന്തയുടെ സംഗീതവും.



