തമിഴ്നാട് സർക്കാരിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ കലൈമാമണി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സായ് പല്ലവി, എസ് ജെ സൂര്യ, അനിരുദ്ധ് രവിചന്ദര്‍, ശ്വേത മോഹന്‍ എന്നിവരും പുരസ്കാരത്തിന് അർഹരായി. 

ചെന്നൈ: കലാ, സാഹിത്യ രംഗത്തെ മികവിനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കലൈമാമണി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2021, 2022, 2023 വർഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ ജെ യേശുദാസിനാണ് എം എസ് സുബ്ബലക്ഷ്മി പുരസ്കാരം. ഒരു ലക്ഷം രൂപയും മൂന്ന് പവന്റെ സ്വർണ മെഡലും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം ചെന്നൈയിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും.

2021 ലെ മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങള്‍ എസ് ജെ സൂര്യയ്ക്കും സായ് പല്ലവിക്കുമാണ്. ലിംഗുസ്വാമിയാണ് മികച്ച സംവിധായകന്‍. ആക്ഷന്‍ കൊറിയോഗ്രഫര്‍ സൂപ്പര്‍ സുബ്ബരായനും സിനിമയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് പുരസ്കാരമുണ്ട്. 2022 ലെ പുരസ്കാര ജേതാക്കളില്‍ ജയ ഗുഹനാഥന്‍, പാട്ടെഴുത്തുകാരന്‍ വിവേക തുടങ്ങിയവര്‍ ഉണ്ട്. 2023 ലെ പുരസ്കാര ജേതാക്കളില്‍ മണികണ്ഠന്‍ (ജയ് ഭീം, ഗുഡ് നൈറ്റ്, ലവര്‍, കുടുംബസ്ഥന്‍), ജോര്‍ജ് മരിയന്‍ (ഡ്രാഗണ്‍, കൈതി), സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, കൊറിയോഗ്രാഫറും നടനുമായ സാന്‍ഡി മാസ്റ്റര്‍, ഗായിക ശ്വേത മോഹന്‍ തുടങ്ങിയവര്‍ ഉണ്ട്.

സിനിമ, സംഗീതം, നാടകം, നൃത്തം, ഗ്രാമീണകലകൾ, സംഗീതനാടകം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകെ 90 പേർക്കാണ് പുരസ്‌കാരം നൽകുന്നത്. ചെന്നൈയില്‍ അടുത്ത മാസം നടക്കുന്ന കലൈവണര്‍ അരങ്കം പരിപാടിയില്‍ വച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming