വിജയ്‌യുടെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന 'ജനനായകനി'ലെ 'അടിയെ ഏൻ പൂന്തേനെ' എന്ന പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദറാണ് ഗാനത്തിന് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്.

മിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകന്റെ പുതിയ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'അടിയെ ഏൻ പൂന്തേനെ..' എന്ന് തുടങ്ങുന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രവി ജിയും ​ഗാനം ആലപിച്ചിട്ടുണ്ട്. കാർത്തിക് നേതയുടേതാണ് വരികൾ.

പൊങ്കല്‍ റിലീസ് ആയി എത്തേണ്ട ചിത്രമായിരുന്നു ജനനായകൻ. എന്നാൽ സെന്‍സര്‍ പ്രതിസന്ധികളില്‍ കുരുങ്ങി ആറ് മാസത്തിനിപ്പുറം ജൂലൈ 23 നാണ് തിയറ്ററുകളില്‍ എത്തിയത്. ഈ കാലയളവില്‍ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് കാര്യമായി പ്രചരിച്ചതും നിര്‍മ്മാതാക്കള്‍ക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. നിലവിൽ ജനനായകൻ ഒടിടിയിൽ റിലീസിന് ഒരുങ്ങുകയാണ്. സീ 5 ലൂടെ ഓഗസ്റ്റ് 21 നാവും ചിത്രം എത്തുകയെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം എത്തിയിട്ടില്ല. വിജയ് നായകനായ ചിത്രത്തില്‍ പൂജ ​ഹെ​ഗ്ഡെ, ബോബി ഡിയോള്‍, പ്രകാശ് രാജ്, ​ഗൗതം വസുദേവ് മേനോന്‍, പ്രിയാമണി, മമിത ബൈജു, നരെയ്ന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണിത്. തിരക്കഥയും സംവിധാനവും എച്ച് വിനോദ്. ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming