15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.

പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'(Hridayam). പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ 'ദര്‍ശന' സോംഗ് (Darshana Song) ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു. നീണ്ട ഒരിടവേളയ്ക്ക് ശേഷമുള്ള പ്രണവിന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകരും. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ​ഗാനത്തെ കുറിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്. 

ഹൃദയത്തിലെ രണ്ടാമത്തെ ​ഗാനം നാളെ പുറത്തിറങ്ങുമെന്ന് വിനീത് ശ്രീനിവാസനും പ്രണവും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജോബ് കുരിയൻ പാടിയ പാട്ട് എഴുതിയിരിക്കുന്നത് അരുൺ ഏളാട്ട് ആണ്. 'ദർശന റിലീസ് ചെയ്തിട്ട് ഒരു മാസത്തിലേറെയായി. ഞങ്ങളുടെ രണ്ടാമത്തെ ഗാനം നാളെ റിലീസ് ചെയ്യും. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു', എന്ന് അപ്ഡേറ്റ് പങ്കുവച്ച് വിനീത് കുറിച്ചു. നാളെ വൈകുന്നേരം ആറ് മണിക്കാകും പാട്ട് റിലീസ് ചെയ്യുക. 

പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. 

Read Also: Darshana Song : പ്രണവിന്റെ ‘ഹൃദയം'; പതിനഞ്ച് മില്യൺ കാഴ്ചക്കാരുമായി ‘ദർശന'

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.