ആധാറിൽ പുതിയ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ബാങ്കിംഗ്, ഇ-വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് തടസ്സം നേരിട്ടേക്കാം. ആധാർ ആപ്പ് വഴിയോ അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിച്ചോ നിങ്ങൾക്ക് എളുപ്പത്തിൽ പുതിയ നമ്പർ ചേർക്കാവുന്നതാണ്.

മൊബൈല്‍ നമ്പര്‍ മാറ്റിയിട്ടും ആധാര്‍ രേഖകളില്‍ അത് അപ്‌ഡേറ്റ് ചെയ്യാത്ത ആളാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക! ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി പരിശോധന ആവശ്യമുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിങ്ങള്‍ക്ക് തടസങ്ങള്‍ നേരിട്ടേക്കാം. ആദായനികുതി റിട്ടേണ്‍ ഇ-വെരിഫിക്കേഷന്‍, ഡിജിറ്റല്‍ ബാങ്കിംഗ്, പേയ്‌മെന്റ് സേവനങ്ങള്‍, ഓണ്‍ലൈന്‍ ആധാര്‍ സേവനങ്ങള്‍ എന്നിവയെയാണ് ഇത് പ്രധാനമായും ബാധിക്കുക.

പഴയ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്കും ഇതുവരെ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ആധാര്‍ ആപ്പ് വഴിയോ അല്ലെങ്കില്‍ അടുത്തുള്ള ആധാര്‍ സേവാ കേന്ദ്രം/ അംഗീകൃത എൻറോള്‍മെന്റ് സെന്റര്‍ വഴിയോ പുതിയ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

ആധാറിലെ മൊബൈല്‍ നമ്പര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലോ പുതിയ നമ്പറിലേക്ക് മാറിയിങ്കെിലോ, ആധാര്‍ ആപ്പ് വഴിയോ അല്ലെങ്കില്‍ ആധാര്‍ സേവാ കേന്ദ്രം സന്ദര്‍ശിച്ചോ അത് മാറ്റാവുന്നതാണ്.

ആധാര്‍ ആപ്പ് വഴി ചെയ്യേണ്ട വിധം:

ഘട്ടം 1: ആധാര്‍ ആപ്പ് തുറക്കുക.

ഘട്ടം 2: 'Update Mobile Number' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ആപ്പില്‍ നിങ്ങളുടെ നിലവിലെ മൊബൈല്‍ നമ്പര്‍ കാണിക്കും. അവിടെയുള്ള ടെക്സ്റ്റ് ബോക്‌സില്‍ നിങ്ങളുടെ പുതിയ മൊബൈല്‍ നമ്പര്‍ നല്‍കുക.

ഘട്ടം 4: പുതിയ മൊബൈല്‍ നമ്പറിലേക്ക് ഒടിപി അയക്കുന്നതായിരിക്കും.

ഘട്ടം 5: ലഭിച്ച ഒടിപി നല്‍കുക, അതോടെ നിങ്ങളുടെ പുതിയ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും.

ആധാര്‍ സേവാ കേന്ദ്രം വഴി:

നേരിട്ട് അടുത്തുള്ള ആധാര്‍ സേവാ കേന്ദ്രം സന്ദര്‍ശിച്ചും ഈ സേവനം പ്രയോജനപ്പെടുത്താം. നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കി ആവശ്യമായ ഒതന്റിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക. അപേക്ഷ സമര്‍പ്പിച്ച ശേഷം, സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനായി ആക്നോളജ്‌മെന്റോ അല്ലെങ്കില്‍ യുആര്‍എന്‍ നമ്പറോ കൈവശം സൂക്ഷിക്കുക. അപേക്ഷ പ്രോസസ്സ് ചെയ്ത് പരിശോധനകള്‍ പൂര്‍ത്തിയായാല്‍ പുതിയ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യപ്പെടുന്നതാണ് (പ്രോസസ്സിംഗ് സമയത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം).